പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. പ്രദേശത്ത് വനംവകുപ്പും പൊലീസും പരിശോധന നടത്തി. പ്രിയദർശിനി എസ്റ്റേറ്റിന്റെ ഓഫീസിനോട് ചേർന്നുളള നൗഫൽ എന്നയാളുടെ വീടിന് സമീപത്തായിട്ടാണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ കണ്ടെന്ന വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്തേക്ക് എത്തിയത്. എന്നാൽ നാട്ടുകാരെ പൊലീസ് തടഞ്ഞു. പ്രദേശത്തുളളവർക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. ആർആർടി സംഘവും പരിശോധന നടത്തുന്നുണ്ട്. വീടിന് പിന്നിലായി കടുവയെ കണ്ടുവെന്ന് പ്രദേശവാസികളായ കുട്ടികളാണ് ആദ്യം അറിയിച്ചത്. കടുവയെ കണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ, കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്ന സർവ്വകക്ഷി യോഗം അൽപസമയത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു.