താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി സനൂപ് കൊടുവാൾ കൊണ്ടുവന്നത് കുട്ടികളുടെ സ്കൂൾബാഗിലാണ്. മക്കളെ പുറത്ത് നിർത്തിയായിരുന്നു സനൂപ് ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആശുപത്രിയിലെ ഡോക്ടർ വിപിനെ സനൂപ് വെട്ടിപ്പരിക്കേല്പിച്ചത്.
പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ മക്കളെ പുറത്ത് നിർത്തിയ ശേഷം സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറുന്നത് കാണാം. ഡോക്ടറെ വിപിനെ വെട്ടിയതിന് പിന്നാലെ തന്നെ അവിടെയുള്ളവർ ഓടിക്കൂടി സനൂപിനെ ബലമായി പിടികൂടുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വിപിൻ തലയിൽ കൈ പൊത്തിപ്പിടിച്ച് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
മക്കളെയും കൂട്ടിയാണ് സനൂപ് ആശുപത്രിയിലേക്കെത്തുന്നത്. കുട്ടികളുടെ സ്കൂൾ ബാഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്. അതേസമയം സംഭവത്തിൽ പ്രതി സനൂപിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.