ശബരിമല സ്വർണക്കൊളള കേസിൽ പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ച ശേഷം ശക്തമായ നടപടി ഉണ്ടാകും എന്നും എം വി ഗോവിന്ദൻ ജില്ലാ കമ്മിറ്റിയിൽ വ്യക്തമാക്കി. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാർ രംഗത്തെത്തി. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു.