കേരളത്തില്‍ കാലവര്‍ഷക്കെടുതി; കോടികളുടെ നാശനഷ്ടം; വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; ജൂണ്‍ അഞ്ച്‌വരെ ശക്തമായ മഴ

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാലവര്‍ഷം വന്‍തോതില്‍ നാശനഷ്ടം വിതച്ചു. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ തുടരുമെന്നും വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെയ് 31 മുതല്‍ ജൂണ്‍ 5 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴയും ജൂണ്‍ 6 മുതല്‍ 12 വരെ സാധാരണ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ളവ, ഒഴിവാക്കണമെന്നും അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും റവന്യൂമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകളില്‍ 1,894 പേര്‍ താമസിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ആറ് ദിവസത്തെ ശക്തമായ മഴയും കാറ്റും 144 വീടുകള്‍ തകര്‍ത്തു. 138 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണമായും നശിച്ചു. കേരള തീരത്ത് 3.0 മുതല്‍ 3.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല മുന്നൊരുക്കത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് 5 ലക്ഷവും അനുവദിച്ചു.

ആലപ്പുഴ ജില്ലയില്‍ മെയ് 30ന് 19 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 7 ക്യാമ്പുകളില്‍ 122 കുടുംബങ്ങളെ പാര്‍പ്പിച്ചു. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ കാലവര്‍ഷം 23 വീടുകള്‍ കൂടി തകര്‍ത്തു. 20 വീടുകള്‍ ഭാഗികമായും 3 വീടുകള്‍ പൂര്‍ണമായും നശിച്ചു. മെയ് 29ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മെയ് 30 ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണിത്. ഇതോടെ ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകളുടെ എണ്ണം 202 ആയി. പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍ താലൂക്കുകളില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മെയ് 29 മുതല്‍ 30 വരെ ജില്ലയില്‍ ശരാശരി 56.32 മില്ലിമീറ്റര്‍ മഴ പെയ്തു.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ശനിയാഴ്ച മുതല്‍ നാല് ദിവസം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. താവക്കര, പുഴാതി, മുഴപ്പിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറ്റി. തലശ്ശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കോഴിക്കോട് ജില്ലയില്‍ കക്കയം ഡാമില്‍ ജലനിരപ്പ് 756.7 മീറ്ററിലെത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അധികജലം ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയും കാറ്റും ജില്ലയില്‍ തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ കുമ്പളം ഫെറിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ കാണാതായി. നോര്‍ത്ത് പറവൂര്‍ സ്വദേശി രാധാകൃഷ്ണനെ (62) കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മരം വീണ് അടിയില്‍പെട്ട് തിരുമാറാടി അമ്മാംകുളത്തില്‍ അന്നക്കുട്ടി (85) മരണപ്പെട്ടു. കഴിഞ്ഞ ഏഴ് ദിവസത്തെ മഴയില്‍ 216 വീടുകള്‍ തകര്‍ന്നു, 3 വീടുകള്‍ പൂര്‍ണമായും 213 വീടുകള്‍ ഭാഗികമായും നശിച്ചു.

കോട്ടയം ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളില്‍ 675 പേര്‍ താമസിക്കുന്നു. 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിനാല്‍ മൂവാറ്റുപുഴയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മെയ് 31ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കെഎസ്ഇബിക്ക് 7.9 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഇടുക്കി ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, 130 വീടുകള്‍ തകര്‍ന്നു. 121 വീടുകള്‍ ഭാഗികമായും 9 വീടുകള്‍ പൂര്‍ണമായും നശിച്ചു. കനത്ത കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു. 5.48 കോടി രൂപയുടെ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 321 പേര്‍ താമസിക്കുന്നു. 197 വീടുകള്‍ ഭാഗികമായും 4 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കെഎസ്ഇബിക്ക് 68.2 ലക്ഷം രൂപയുടെ നഷ്ടവും 2.52 കോടി രൂപയുടെ കൃഷിനാശവും ഉണ്ടായി. വെള്ളം കയറിയതിനാല്‍ പെരിങ്ങര, നെടുംപുറം കൃഷി ഭവന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തിരുവല്ല എസിഎ ഓഫീസിലേക്ക് മാറ്റി.

കൊല്ലം ജില്ലയില്‍ 164 വീടുകള്‍ ഭാഗികമായും 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മെയ് 31ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കാസര്‍കോട് ജില്ലയില്‍ ചിത്താരി പുഴയിലെ ബണ്ട് ഭാഗികമായി നീക്കംചെയ്തു. മൊഗ്രാല്‍ നദിയിലെ മധൂര്‍, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷന്‍, ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാര്യങ്കോട് നദിയിലെ ഭീമ നദി സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. 326 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി.

വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായി. 13 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ 242.74 ഹെക്ടര്‍ കൃഷി നശിച്ചു, 2199.35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഴയും നെല്ലും ഉള്‍പ്പെടെയുള്ള വിളകള്‍ക്കാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്.

തൃശ്ശൂര്‍ ജില്ലയില്‍ മെയ് 30 വരെയുള്ള കണക്കനുസരിച്ച് 4 വീടുകള്‍ പൂര്‍ണമായും 177 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാഴാഴ്ച മാത്രം 1 വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും നശിച്ചു. 7 ദുരിതാശ്വാസ ക്യാമ്പുകളില്‍ 18 കുടുംബങ്ങളിലെ 64 പേര്‍, അതില്‍ 17 കുട്ടികള്‍, താമസിക്കുന്നു. കെ.എസ്.ഇ.ബിക്ക് 2960.3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 748.82 ലക്ഷം രൂപയുടെ കൃഷിനാശം ജില്ലയില്‍ ഉണ്ടായതായാണ് കണക്കാക്കിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ