സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര-കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദ്ദേശം ഉണ്ട്.