ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി. താൻ റാപ്പ് പാടും. പറ്റുമായിരുന്നെങ്കിൽ ഗസലും പാടിയേനേ. ക്ലാസിക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കിൽ അതും പാടുമായിരുന്നുവെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിങ്ങൾ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താൽ മതിയെന്ന ധാർഷ്ട്യമാണ് സംഘ്പരിവാറിനെന്നും വേടൻ പറഞ്ഞു.
റാപ്പും പട്ടികജാതിക്കാരുമായി യാതൊരു പുലബന്ധവുമില്ലെന്നാണ് കെപി ശശികല പറഞ്ഞത്. ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വേടൻ പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് താൻ. തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനാക്കാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും വേടൻ പറഞ്ഞു.
സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിമർശനങ്ങളോടും വേടൻ പ്രതികരിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ പരിപാടിക്കാണ് താൻ പോയത്. ഏതെങ്കിലും ഒരു പാർട്ടിയുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമായാണ് തനിക്ക് തോന്നിയിട്ടുള്ളത്. വേടൻ ഒരു സ്വതന്ത്ര കലാകാരനാണെന്നാണ് എപ്പോഴും പറയുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കിൽ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നത്.
അതേസമയം തന്നെ എല്ലാ ജനാധിപത്യ മര്യാദകളും പാലിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനൊപ്പം നിൽക്കുക എന്നത് ഒരു പൗരൻ എന്ന നിലയിൽ തന്റെ കടമയാണ്. അതാണ് താൻ നിർവഹിച്ചതെന്നും വേടൻ പറഞ്ഞു. തന്നെ കാണുന്നവർക്കും കേൾക്കുന്നവർക്കും താൻ ആരാണെന്ന് അറിയാം. അതുകൊണ്ടുതന്നെ ഭയമില്ല. ജനങ്ങൾ നൽകുന്ന പണംകൊണ്ടാണ് താൻ ജീവിക്കുന്നത്. വേടൻ വിദേശഫണ്ട് സ്വീകരിക്കുന്നു എന്നതടക്കം ആരോപണങ്ങൾ ഉയരുന്നുണ്ട്. സർക്കാരിന്റെ രേഖയിൽ ഇല്ലാത്ത ഒരു രൂപ പോലും തന്റെ കൈവശമില്ലെന്നും വേടൻ വ്യക്തമാക്കി.