ബലാത്സംഗ കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തില്‍ എടുത്ത ഒരു തീരുമാനമാണിതെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. അത് എഐസിസി അഗീകരിക്കുകയും ചെയ്തുവെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുലിനെ പുറത്താക്കിയതായി പാർട്ടി ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിക്കുകയായിരുന്നു.