ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.
രാഹുലിന് എതിരായ പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിനൊപ്പമാണ് യുവതി കോടതിയില്‍ എത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം പൊലീസിനു കൈമാറിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വച്ച് രണ്ടു തവണയും പാലക്കാട്ടെത്തിച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
ബലാത്സംഗദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
എത്രയും പെട്ടെന്ന് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിസിപിയും അസി.കമ്മിഷണറും സംഘത്തിലുണ്ട്. ഒളിവിലുള്ള രാഹുല്‍ രാജ്യം വിടാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.