പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് അതീവ ഗൗരവമുള്ള വകുപ്പുകളാണ്. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നതടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് മൊഴിയിലുള്ളത്. തിരുവനന്തപുരം റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ ഏകദേശം അഞ്ചര മണിക്കൂര്‍ എടുത്താണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. 20 പേജുള്ള ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് വലിയമല പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും, കേസ് പിന്നീട് തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചുവെന്നും ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. അതിനുശേഷം പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യ പീഡനം മാര്‍ച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്‌ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്‌ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നല്‍കി. രാഹുലിന്റെ സുഹൃത്ത് ഗുളികയുമായി തിരുവനന്തപുരത്ത് എത്തി, കൈമനത്ത് വെച്ച് ഒരു ചുവന്ന കാറില്‍ കയറ്റി ഗുളിക കഴിപ്പിച്ചു. ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ വീഡിയോ കോളിലൂടെ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തി.
രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ ആറ് വകുപ്പുകളും ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രധാനമായും ബലാത്സംഗം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തല്‍, മര്‍ദ്ദനം, വീടുകയറി ആക്രമിക്കല്‍, ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍, വിശ്വാസവഞ്ചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് അശാസ്ത്രീയമായ രീതിയില്‍ ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. ബിഎന്‍എസ് 115 പ്രകാരം മനഃപൂര്‍വമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പും ഭീഷണിപ്പെടുത്തി സമ്മര്‍ദത്തിലാക്കുന്നതിന് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎന്‍എസ് 351 വകുപ്പും ചുമത്തിയിട്ടുണ്ട്.
ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയര്‍പോര്‍ട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍, രാഹുല്‍ കൊച്ചിയില്‍ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.