വി.എസ്. അച്യുതാനന്ദന് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ലെന്നും തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞുകൊണ്ട് ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന രീതി പാര്‍ട്ടിക്കില്ലെന്ന് വിഎസ് വ്യക്തമാക്കുമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു. വി എസ്. ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബമാണ് പുരസ്‌കാരത്തോട് പ്രതികരിച്ചിട്ടുള്ളതെന്നും കുടുംബം ഇതില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം എ ബേബി ചൂണ്ടിക്കാട്ടി. വി.എസിനെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്നും എംഎ ബേബി വ്യക്തമാക്കി.
ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതിബസു, ഹരികിഷന്‍ സിങ് സുര്‍ജിത്, ബുദ്ധദേവ് ഭട്ടാചാര്യ, ഡോ. എം.ബി.എ പരമേശ്വരന്‍ എന്നിവര്‍ ഇത്തരത്തില്‍ പുരസ്‌കാരങ്ങള്‍ നിഷേധിച്ചവരാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അത് പുരസ്‌കാരം ലഭിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. പുരസ്‌കാരത്തിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുമ്പോള്‍ തന്നെ, പാര്‍ട്ടി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം അംഗീകാരങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ഓരോരുത്തരും വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശത്തേക്കാളുപരി, അവരുടെ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമായിരുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഎസിന് ലഭിച്ച പത്മ വിഭൂഷണ്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്വാഗതം ചെയ്തിരുന്നു. സിപിഎം നേതാക്കള്‍ മുമ്പ് പുരസ്‌കാരം തിരസ്‌കരിച്ചത് വ്യക്തിപരമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതില്‍ കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. മുന്‍കാലത്ത് പത്മ പുരസ്‌കാരം നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിശദീകരണം. പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നാണ് സിപിഎം പ്രതികരണം. ‘മുമ്പ് പാര്‍ട്ടി നേതാക്കന്മാര്‍ അവരവരുടെ നിലപാടനുസരിച്ചാണ് പുരസ്‌കാരം നിരസിച്ചത്. വിഎസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സന്തോഷമാണ്. പാര്‍ട്ടിയും സ്വാഗതം ചെയ്യുന്നുവെന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.
1992-ലാണ് ഇ.എം.എസിനെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് പരിഗണിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. റാവുവിന്റെ സര്‍ക്കാരിനോട് നയപരമായി യോജിക്കാന്‍ കഴിയില്ലെന്ന കാരണംപറഞ്ഞാണ് ഇ.എം.എസ്. പുരസ്‌കാരം നിരസിച്ചത്. ഇ.എം.എസിനൊപ്പം, വാജ്പേയിക്കും അന്ന് പത്മഭൂഷന്‍ പ്രഖ്യാപിച്ചിരുന്നു. വാജ്പേയി അത് സ്വീകരിക്കുകയും ചെയ്തു.
1996 ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്‌നം നല്‍കാന്‍ ആലോചന ഉണ്ടായി. പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമോ എന്ന് മുന്‍കൂട്ടി ചോദിച്ചു. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാര്‍ട്ടിയും സ്വീകരിച്ചത്. 2022-ലാണ് ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് പരിഗണിച്ചത്. ‘എനിക്ക് അങ്ങനെയൊന്ന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഞാനത് നിരസിക്കുന്നു’ എന്നായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അന്ന് പാര്‍ട്ടി ജനറല്‍സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ബുദ്ധദേബിന്റെ വാക്കുകള്‍ ട്വീറ്റ് ചെയ്താണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിഞ്ഞതിനുശേഷമായിരുന്നു ബുദ്ധദേബിനെ തേടി പരമോന്നത പുരസ്‌കാരം വന്നത്.