സദാചാര പോലീസിങ്ങിനെതിരെ, പോലീസിന്‍റെ വരേണ്യ പുരുഷബോധങ്ങള്‍ക്കെതിരേ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍'

കൊച്ചിയില്‍ ദളിത് സാമ്യൂഹ് പ്രവര്‍ത്തകയും ഛായാഗ്രാഹകയുമായ അമൃത ഉമേഷിനും മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമ മോഹനുമെതിരേയുണ്ടായ ജനമൈത്രി പൊലീസിന്റെ സദാചാര ആക്രമണത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനായി, സദാചാര പോലീസിങ്ങിനെതിരെ, പോലീസിന്റെ വരേണ്യ പുരുഷബോധങ്ങള്‍ക്കെതിരെ ആണും പെണ്ണും ട്രാന്‍സ് ജണ്ടറും ഉയര്‍ത്തുന്ന അവകാശ പ്രഖ്യാപനമായി ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

അക്രമണത്തിന് ഇരയായ അമൃത ഉമേഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നമ്മളാണ്, നമ്മുടെ ശരീരമാണ് സമരായുധം. സ്വാതന്ത്യമാണ് മുദ്രാവാക്യം. രാത്രികള്‍ നമ്മുടേതുകൂടിയാണ് എന്നു പറഞ്ഞ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നതെന്നാണ് ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയില്‍ വെച്ച് റോഡിലൂടെ നടന്നിരുന്ന അമൃത ഉമേഷ് പോലീസുകാരുടെ സദാചാര ആക്രമണത്തിന് ഇരയായത്. റോഡില്‍ വെച്ച് തടഞ്ഞ അമൃതയെ പോലീസുകാര്‍ അവരുടെ ദളിത് സ്ത്രീ സ്വത്വങ്ങളെ അപമാനിക്കുകയും സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്തു. ഇതിനിടയില്‍ വിളിച്ചുവരുത്തിയ പ്രതീഷിനെ ശാരീരികമായും മാനസികമായും ക്രൂരപീഡനത്തിനിരയാക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.

സ്ത്രീക്കും പുരുഷനും പുറമെ ട്രാന്‍ജെന്‍ഡറുകള്‍ അടക്കമുള്ള ക്വുവര്‍ മനുഷ്യര്‍ക്കും രാത്രിയും പകലും ജീവിക്കാനുള്ള അവകാശങ്ങളുണ്ടെന്ന് പൊലീസിനെയും പൊതുബോധത്തെയും ബോധ്യപ്പെടു്ത്തുകയാണ് പുതിയ പ്രതിഷേധ പരിപാടിയുടെ ലക്ഷ്യമെന്നാണ് പ്രതിഷേധപരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുഹൃത്തുക്കളേ,
രാത്രി തെരുവിലിറങ്ങുന്ന പെണ്ണിനെയും അതുപോലെ ട്രാന്‍സ്ജണ്ടറുകളെയും അധിക്ഷേപിക്കുകയും അവളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷാധികാര ബോധത്തിന് പഴക്കമേറെയുണ്ട്. കുലീന ലക്ഷണങ്ങളും വിധേയ ശരീരഭാഷയും പ്രകടിപ്പിക്കാത്ത സ്ത്രീകളെയും മറ്റ് ഇതര ലൈംഗികവ്യക്തിത്വങ്ങളെയും പൊതുവിടങ്ങളില്‍ കണ്ടാല്‍ മുറിപ്പെടുന്ന ആണഹന്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ മൂര്‍ധന്യത്തിലെത്തുകയും ചെയ്യും. പൊതുബോധത്തെ താലോലിക്കുന്ന പോലീസുകാര്‍ ജനങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള സംരക്ഷണാധികാരത്തെ കുടി ഉപയോഗിച്ച് ആളുകള്‍ക്ക് മേല്‍ ഇതൊക്കെ പ്രയോഗിക്കുന്നത് നിത്യേനെ എന്നോണമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടന്നിരുന്ന സാമൂഹ്യപ്രവര്‍ത്തകയും ചായാഗ്രാഹകയുമായ അമൃത ഉമേഷ് (ഈ ഞാന്‍ തന്നെ) എറണാകുളത്തെ പോലീസുകാരുടെ സദാചാര ആക്രമണത്തിന് ഇരയാകുകയുണ്ടായി. പോലീസുകാര്‍ അവളുടെ ദളിത് സ്ത്രീ സ്വത്വങ്ങളെ അപമാനിക്കുകയും സഞ്ചാര സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്തു. ആണ്‍ സുഹൃത്തിനെ വിളിച്ചു വരുത്തി അയാളെ മര്‍ദ്ദിച്ച് നഗ്‌നനാക്കി സെല്ലിലടച്ചു. അമൃതയുടെ സ്വകാര്യ ഡയറി വായിക്കുകയും രാവിലെ രക്ഷിതാക്കള്‍ വരുന്നത് വരെ തടഞ്ഞ് വെക്കുകയും ചെയ്തു.

അതുപോലെ തന്നെ എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ട്രാന്‍സ്ജണ്ടറുകള്‍ അടക്കമുള്ള ക്വുവര്‍ മനുഷ്യര്‍ക്ക് രാത്രിയും പകലും ജീവിക്കാന്‍ പറ്റില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. അവരെ രാത്രികളില്‍ നഗരത്തില്‍ കണ്ടുപോകരുത് എന്നാണ് ഏമാന്‍മാരുടെ തിട്ടൂരങ്ങള്‍. കള്ളക്കേസുകളില്‍ കുടുക്കുന്നതുമുതല്‍ ക്രൂരമായ ആക്രമണങ്ങള്‍വരെ അവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രാത്രിയില്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള മാര്‍ഗ്ഗം സ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കലല്ല. ട്രാന്‍സ്ജണ്ടര്‍ മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കലല്ല. ആക്രമിക്കപ്പെടുന്നവരെ നിയന്ത്രിച്ച് നിര്‍ത്തി, വേട്ടക്കാരെ സ്വതന്ത്രരായി വിടുന്ന എളുപ്പയുക്തിക്ക് വഴങ്ങാനും സാധ്യമല്ല. അന്യന്റെ അഭിമാനത്തിനും ശരീരത്തിനും നേരെയടുക്കുന്ന പുരുഷ ബോധ്യങ്ങളെയും അക്രമങ്ങളെയുമാണ് തടഞ്ഞ് തിരുത്തേണ്ടത്.

ഒറ്റക്ക് യാത്ര ചെയ്യുന്ന പെണ്ണിന്റെയും ട്രാന്‍സ്വ്യക്തിത്വങ്ങളുടെയും മേല്‍ തങ്ങളുടെ സദാചാര ആകുലതകളും രക്ഷാകര്‍തൃത്യവും അടിച്ചേല്‍പ്പിക്കുന്ന പോലീസിന്റെ തന്ത ചമയലിനെതിരെ കൂട്ടായ പ്രതിരോധങ്ങളാവശ്യമാണ്.
തെരുവും രാത്രിയും പൊതുവിടങ്ങളും ഞങ്ങളുടേത് കൂടിയാണെന്ന കാലങ്ങളായുള്ള മുദ്രാവാക്യത്തെ കൂടുതല്‍ കൂടുതല്‍ മൂര്‍ച്ച വെപ്പിച്ച് ഉയര്‍ത്തേണ്ടിയിരിക്കുന്നു. രാത്രിയോ പകലോ, ഒറ്റക്കോ ഒരുമിച്ചോ, ജോലിക്കോ വിനോദത്തിനോ, ഇഷ്ടമുള്ള ഉടുപ്പിട്ട് ഇഷ്ടമുള്ളത്ര മുടി മുറിച്ച് ആണും പെണ്ണും ട്രാന്‍സ് ജെന്‍ഡറുമെല്ലാം സഞ്ചരിക്കും, കൂടിയിരിക്കും. അതിന് നേരെയുള്ള കടന്ന് കയറ്റങ്ങളോട് ആ ഇടങ്ങളെയൊക സ്വന്തമാക്കി തന്നെ പ്രതിഷേധമുയര്‍ത്തണം.
സഞ്ചാര സ്വാതന്ത്ര്യത്തിനായി, സദാചാര പോലീസിങ്ങിനെതിരെ, പോലീസിന്റെ വരേണ്യ പുരുഷബോധങ്ങള്‍ക്കെതിരെ ആണും പെണ്ണും ട്രാന്‍സ് ജണ്ടറും ഉയര്‍ത്തുന്ന അവകാശ പ്രഖ്യാപനമായി ചൊവ്വാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഒത്തു ചേരാം. നമ്മളാണ്, നമ്മുടെ ശരീരമാണ് സമരായുധം. സ്വാതന്ത്യമാണ് മുദ്രാവാക്യം. രാത്രികള്‍ നമ്മുടേതുകൂടിയാണ്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
ഡിസംബര്‍ 5 വൈകിട്ട് 6 മണിമുതല്‍
എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷനില്‍
വഞ്ചിസ്‌ക്വയറില്‍
എല്ലാവരും പങ്കെടുക്കുമല്ലോ….

https://www.facebook.com/Amruthaumesh/posts/1572308659523606

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം