പ്രശസ്ത കവി എസ്. രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനിച്ചത്. പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍, വൈക്കം ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീ ഡിഗ്രി ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍. എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ, എം.എ പഠനം പൂര്‍ത്തിയാക്കി. ഇക്കാലയളവില്‍ രണ്ട് തവണ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിയമ പഠനം നടത്തി.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അദ്ധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു അദ്ദേഹം. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. 1996 മുതല്‍ 2001 വരെ മന്ത്രി ടി.കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1981ല്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ ആയി നിയമിതനായി, 2007ല്‍ അഡീഷണല്‍ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ തസ്തികയിലാണ് വിരമിച്ചത്.
ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിതകാലം, കറുത്ത കുറിപ്പുകള്‍, എസ് രമേശന്റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ചെറുകാട് അവാര്‍ഡ്, ശക്തി അവാര്‍ഡ്, എ.പി. കളക്കാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
ഭാര്യ: പ്രൊഫ. ഡോ. ടി.പി. ലീല. മക്കള്‍: ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവരാണ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം പച്ചാളത്തുള്ള വസതിയില്‍ എത്തിക്കും. 11 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടുവന്ന ശേഷം രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തില്‍ വച്ചാണ് സംസ്‌ക്കാരം.
എസ്. രമേശന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജിവ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.