പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുക്കുമെന്ന് പറഞ്ഞ എംഎ ബേബി സിപിഐയെ അവഗണിക്കില്ലെന്നും കൂട്ടിച്ചേർത്തു. പദ്ധതി കേരളം നടപ്പാക്കുന്നതിനെ സിപിഐ എതിർക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി നിലപാട് അറിയിച്ച് രംഗത്തെത്തിയത്.
ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ലെന്നും നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നതെന്നും എംഎ ബേബി പറഞ്ഞു. എൽഡിഎഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്ന് എംഎ ബേബി പറഞ്ഞു.
സിപിഐയുടെ എതിര്‍പ്പ് തള്ളിയാണ് പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ സമ്മതമറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. 1476 കോടി രൂപ എന്തിന് കളയണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതിവിഹിതം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നും വിദ്യാഭ്യാസമന്ത്രി പറയുന്നു. എന്നാൽ കേരളം പദ്ധതിയുടെ ഭാഗമാകരുതെന്ന നിലപാടില്‍ മാറ്റമില്ലാതെ തുടരുകയാണ് സിപിഐ.