സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താതിരിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണമെന്നും സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും പറഞ്ഞ മന്ത്രി വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു.
അതേസമയം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നതെന്നും മണ്തരി പറഞ്ഞു. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡിഎംഒയോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.