ഭീകരാക്രമണത്തിന് പാകിസ്ഥാന്റെ അറിവും സഹായവും; ഏവരും സൈന്യത്തിനൊപ്പം നില്‍ക്കണം; ലക്ഷ്യം കശ്മീരിന്റെ സമ്പദ്ഘടന തകര്‍ക്കാനെന്ന് എകെ ആന്റണി

ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ സൈന്യത്തിന്റെ അറിവും സഹായവും ഉണ്ടാകുമെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി. പാകിസ്ഥാന്‍ സൈന്യത്തിന്റെ അറിവും സഹായവും ഇല്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താനാവില്ലെന്ന് എകെ ആന്റണി 24 ന്യൂസിനോട് പറഞ്ഞു.

ഭീകര സംഘടനകളെ മാത്രമല്ല പാകിസ്താന്‍ സൈന്യത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍ കൂടി ഇന്ത്യ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ആക്രമണത്തെ രാഷ്ട്രം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഏവരും സൈന്യത്തിനൊപ്പം നില്‍ക്കണം. ഇന്ത്യന്‍ സൈന്യം ഇത് നേരിടാനുള്ള കരുത്തുള്ളവരാണ്. അവര്‍ക്ക് അതിനാവശ്യമായ എല്ലാ സജ്ജീകരണവും നല്‍കണമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്തായി ടൂറിസ്റ്റുകള്‍ക്കെതിരെയുള്ള ആക്രമണം വളരെ കുറവായിരുന്നു. വളരെ സംഘടിതമായി ടൂറിസ്റ്റുകള്‍ക്കെതിരെ ഇത്തരമൊരു ആക്രമണം നടത്തിയതിന്റെ ഉദ്ദേശം കശ്മീരിന്റെ സമ്പദ്ഘടന തകര്‍ക്കുക എന്നുള്ളതാണ്. ടൂറിസമാണ് കശ്മീരിന്റെ വരുമാനം. അവിടെ സമാധാന അന്തരീക്ഷം ഉണ്ടാകരുതെന്ന് നിര്‍ബന്ധമുള്ള ഭീകര സംഘടനകളാണ് അക്രമണത്തിന് പിന്നിലെന്നും ആന്റണി വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ മരണ സംഖ്യ 25 ആയതായി റിപ്പോര്‍ട്ടുകള്‍. 20ല്‍ ഏറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ശ്രീനഗറിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷ സേന പ്രദേശം വളഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയില്‍ നിന്നുള്ള മൂന്ന് ജഡ്ജിമാര്‍ സുരക്ഷിതരെന്ന് വിവരം ലഭിച്ചു.

ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരിലുള്ളത്. അതേസമയം കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ ഭാര്യ പല്ലവി ആക്രമണത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മകന്റെയും തന്റെയും കണ്‍മുന്നില്‍വച്ചാണ് മഞ്ജുനാഥിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്ന് പല്ലവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായും പല്ലവി കൂട്ടിച്ചേര്‍ത്തു. മൂന്നു നാലു പേര്‍ തങ്ങളെ ആക്രമിച്ചു. തന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, തന്നെയും കൊല്ലൂ എന്ന് അവരോട് താന്‍ പറഞ്ഞു. നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരില്‍ ഒരാള്‍ മറുപടി നല്‍കിയതെന്നും പല്ലവി വ്യക്തമാക്കി.

പ്രദേശവാസികളായ മൂന്ന് പേര്‍ ചേര്‍ന്നാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നും പല്ലവി പറഞ്ഞു. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹല്‍ഗാമില്‍ എത്തിയത്. നാല് ദിവസം മുന്‍പാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ ആണ് മഞ്ജുനാഥ റാവു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമല്ല. ഭീകരാക്രമണം എന്‍ഐഎ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ പെഹല്‍ഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്.

വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി