കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ 16.50 ലക്ഷം രൂപ പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഇന്ന് ഒരേസമയം പരിശോധന നടന്നത്.
കെഎസ്ഇബിയിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായിരുന്നു പരിശോധന. പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തെ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽനിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപയാണ് കണ്ടെടുത്തത്.
വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി 16,50,000/ രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്. ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി.