ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലിക്കായി പൂജ നടത്താനെന്ന് വ്യാജേന ഷാഫി സമീപിച്ചത് നിരവധി സ്ത്രീകളെ. പണം വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കൊച്ചി സ്വദേശിനി വെളിപ്പെടുത്തി. ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരിയെ ഷാഫി സമീപിച്ചതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു.
തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടി പൂജ നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടാണ് തന്നെ സമീപിച്ചതെന്ന് കൊച്ചി സ്വദേശിനി വെളിപ്പെടുത്തി. ഇതില്‍ സഹകരിച്ചാല്‍ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും ഷാഫി ഒരു ലക്ഷം രൂപയെടുത്ത ശേഷം അരലക്ഷം തനിക്ക് നല്‍കാമെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
കൊല്ലപ്പെട്ട പത്മയെയും റോസ്‌ലിനെയും അടുത്തറിയാമെന്നും യുവതി പറഞ്ഞു. റോസ്‌ലിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. റോസ്‌ലിനെ തിരുവല്ലയില്‍ കൊണ്ടുപോയി രക്ഷപെടുത്തിയെന്നും ഷാഫി പറഞ്ഞു. ആരെയും കൊല്ലുമെന്നും രക്തം കാണുന്നതില്‍ പേടിയില്ലെന്നും ഷാഫി അവകാശപ്പെട്ടതായും രക്ഷപെട്ടത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.
ആഭിചാരക്രിയകള്‍ക്കായി അഞ്ച് മാസം മുന്‍പേ ഷാഫി പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇതിനായി ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെ. ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് തിരുവല്ലയിലെ ദമ്പതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങാമെന്നായിരുന്നു ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം.
ആദ്യം സമ്മതിച്ചെങ്കിലും പദ്ധതിയില്‍ നിന്ന് യുവതി പിന്‍മാറി. ഇതോടെയാണ് ഷാഫി റോസ്‌ലിനെ സമീപിച്ച് കൊണ്ടുപോയതെന്നും ഡിണ്ടിഗല്‍ സ്വദേശിനി വെളിപ്പെടുത്തി. നരബലിക്കായി കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ. 15,000 രൂപ മുഹമ്മദ് ഷാഫി മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന് പരിചയപ്പെടുത്തിയതിനാല്‍ കൂടുതല്‍ തുക ആവശ്യപ്പെടാന്‍ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല.