തൃണമൂൽ കോൺഗ്രസ് വഴിയുള്ല മുന്നണി പ്രവേശനം പ്രയാസമായതിനാൽ പിവി അൻവറിന് മുന്നിൽ പുതിയ ഉപാധിവച്ച് കോൺഗ്രസ്. യുഡിഎഫിലേക്ക് പ്രവേശിക്കണമെങ്കിൽ കേരള പാർട്ടി രൂപീകരിക്കണമെന്നാണ് കോൺഗ്രസ് വച്ച ഉപാധി. നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടേക്കും. അൻവർ ഇതിന് വഴങ്ങിയില്ലെങ്കിൽ സഹകരണം മാത്രം മതിയെന്ന നിലപാടിലേക്ക് യുഡിഎഫ് എത്തിയേക്കും.
പിവി അൻവറിനെ മുന്നണിയിലേക്ക് എടുത്താൽ പിന്നീട് തലവേദനയാകുമോ എന്ന ആശങ്കകൾ ചില ഘടകകക്ഷികൾ കോൺഗ്രസിനെ അറിയിച്ചതായാണ് വിവരം. പിവി അൻവറുമായി സഹകരണം മതിയെന്ന അഭിപ്രായം യുഡിഎഫിൽ ശക്തമാണ്. അതുകൊണ്ട് തന്നെ അൻവർ പുതിയ പാർട്ടി സംസ്ഥാനത്ത് രൂപീകരിക്കുന്നതാവും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
അൻവർ യുഡിഎഫിലേക്ക് പോകുന്നത് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ മമതാ ബാനർജിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ അൻവർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണാകമാവുക. സിപിഎമ്മുമായുള്ല സഹകരണം അവസാനിപ്പിച്ച് ഡിഎംകെയായ അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അതുകൊണ്ട് ഇനിയൊരു പാർട്ടി രൂപീകരിച്ചാൽ അൻവറിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അണികളോ ജനങ്ങളോ അൻവറിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ല സാദ്ധ്യതയും തളിക്കളയാനാവില്ല.