നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.
മൂന്ന് മുന്നണികളിലെയും അതൃപ്തരെയും മണ്ഡലത്തിലെ നിഷ്പക്ഷരായ സാധാരണ വോട്ടർമാരെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചനയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള പ്രതികരണത്തിൽ അൻവർ നൽകിയത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിനെ നേരിടുക. ആം ആദ്മി പാർട്ടിയെയും കൂടെ നിർത്തും. സംസ്ഥാനത്ത് മൂന്നാം മുന്നണിയായി മാറുമെന്നാണ് അൻവറിന്റെ അവകാശവാദം.
പുതിയ മുന്നണി രൂപീകരിക്കുന്നതായി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം. തൃണമൂൽ കോൺഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം. നിരവധി ചെറിയ സംഘടനകൾ മുന്നണിയുടെ ഭാഗമായേക്കും. കാർഷിക, തൊഴിൽ, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താൽപര്യപ്രകാരമാണ് മുന്നണിയുടെ കീഴിൽ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്നും അൻവർ വ്യക്തമാക്കിയിരുന്നു.