എസ്എൻഡിപിയുടെ ലക്ഷ്യം നായർ- ഈഴവ ഐക്യമല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യത്തിൽ രാഷ്ട്രീയമില്ലെന്നും മുസ്ലീം ലീഗിനൊഴികെ ആർക്കും അതിനൊപ്പം ചേരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മതവിദ്വേഷമില്ലെന്നും മുസ്ലീങ്ങളോട് വിരോധമില്ലെന്നും വെള്ളാപ്പള്ളിയോ നടേശൻ കൂട്ടിച്ചേർത്തു. ലീഗ് കാണിച്ച വിഭാഗീയത ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ എതിർപ്പ് മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോട് മാത്രമാണെന്നും പറഞ്ഞു. ലീഗ് ഈഴവ സമുദായത്തെ ചതിച്ചവരാണ്. ആ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു എന്നാണ് വരുത്തി തീർക്കുന്നത്. ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കയ്യും കെട്ടി നോക്കി നിൽക്കാൻ ആവില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെയും എസ്എൻഡിപിയെയും തകർക്കാനും തളർത്താനും പല രീതിയിലുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നോക്കി നിൽക്കാൻ കഴിയില്ലെന്നും അതിനല്ല പഠിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമൂഹിക-രാഷ്ട്രീയ-സാമ്പത്തിക നീതി ലഭിക്കണം. അത് ലഭിച്ചില്ലെങ്കിൽ തുറന്നുപറയേണ്ടി വരും. തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് നേരെ വിരൽ ചൂണ്ടും. അത് സമുദായത്തിന്റെ കടമയാണ്. അതാണ് താൻ നിറവേറ്റുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം തനിക്ക് പത്മഭൂഷൻ കിട്ടിയത് സംഘടനയെ മുന്നോട്ട് നയിച്ചതിലെ മികവ് കൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.