പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും മുനമ്പം ഭൂമി ‘ഉമീദ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ പറഞ്ഞതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ്. മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ പ്രതികരിച്ചു. ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും കോടതിയുടെ അന്തിമ തീര്‍പ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും കെ എം ഹംസ വ്യക്തമാക്കി. വഖഫ് ബോര്‍ഡിന് മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും സഹതാപം മാത്രമെന്നും പറഞ്ഞ കെ എസ് ഹംസ ഹൈക്കോടതിയില്‍ കേസ് തുടരുന്ന 500ല്‍ അധികം ഭൂമികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശദീകരിച്ചു.
സാങ്കേതിക നടപടി പൂര്‍ത്തിയാക്കാനാണ് ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്നും മെയ് 17ന് മുന്‍പ് ഈ നടപടി പൂര്‍ത്തിയാക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരിക്കുന്നുണ്ട. 9000 ത്തോളം വഖഫ് ഭൂമികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മുനമ്പം അടക്കം ഹൈക്കോടതിയില്‍ കേസ് തുടരുന്ന 500 അധികം ഭൂമികളും ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, കോടതിയുടെ അന്തിമ തീര്‍പ്പനുസരിച്ചാകും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും ഭൂമിയുടെ ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും വഖഫ് ബോര്‍ഡ് വിശദീകരിച്ചു.
എല്‍ഡിഎഫ് നിയമിച്ച വഖഫ് ബോര്‍ഡ് അല്ല മുനമ്പം രജിസ്റ്ററിയില്‍ ഉള്‍പ്പെടുത്തിയതെന്നും 2019ല്‍ യുഡിഎഫിന്റെ വഖഫ് ബോര്‍ഡാണ് ഇത് രജിസ്റ്ററിയില്‍ ഉള്‍പ്പെടുത്തിയതെന്നും കെ എസ് ഹംസ പറഞ്ഞു. പുതിയ സര്‍ക്കാരിന് എട്ടിന്റെ പണികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് പോയപോക്കില്‍ കഴിഞ്ഞ സര്‍ക്കാരും വഖഫ് ബോര്‍ഡും മുനമ്പം ഭൂമി ‘ഉമീദ്’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. മുനമ്പത്തുചെന്ന് കുടിയൊഴിപ്പിക്കില്ലെന്നു പറഞ്ഞ മുന്‍ പിണറായി സര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ചെയ്യാനുള്ള കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോര്‍ട്ടലില്‍ ഭൂമി രജിസ്റ്റര്‍ചെയ്യുകയായിരുന്നുവെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തേത് വഖഫ് ബോര്‍ഡുണ്ടാക്കിയ നിയമപ്രശ്‌നമാണെന്നും വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുപോലും വഖഫ് ബോര്‍ഡ് സ്റ്റേ ചെയ്യിച്ചുവെന്നും സതീശന്‍ പറഞ്ഞു. ഏതായാലും അവിടെനിന്ന് ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
സാധാരണ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് സൂക്ഷിപ്പ് ചുമതലയുള്ള മുത്തവല്ലിയാണ്. മുനമ്പത്ത് വഖഫ് ബോര്‍ഡുതന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എന്താണ് ഉദ്ദേശ്യമെന്നറിയില്ല. വഖഫ്ഭൂമിയെന്ന് വ്യക്തമായാല്‍ അവിടെ താമസിക്കുന്നവര്‍ കൈയേറ്റക്കാരാകും. ഏതായാലും അവിടെനിന്ന് ആരെയും കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ല. സ്ഥലത്തിന് നികുതി നല്‍കാനുള്ള സംവിധാനമൊരുക്കും. ഇപ്പോഴത്തേത് വഖഫ് ബോര്‍ഡുണ്ടാക്കിയ നിയമപ്രശ്‌നമാണ്. വഖഫ് ട്രിബ്യൂണലിന്റെ ഉത്തരവുപോലും വഖഫ് ബോര്‍ഡ് സ്റ്റേ ചെയ്യിച്ചു.
മുനമ്പത്തെ വഖഫ് തര്‍ക്ക ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന വഖഫ് ബോര്‍ഡിനെ പിരിച്ച് വിടണമെന്ന് മുനമ്പം സമരസമിതി ആവശ്യപ്പെട്ടു. നിയമതര്‍ക്കം നടക്കുന്ന ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്തതിനെതിരെ നിലപാട് കടുപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. വഖഫ് നിയമഭേദഗതിയോടെ കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലിലാണ് വഖഫ് ഭൂമികള്‍ അന്തിമമായി രജിസ്റ്റര്‍ ചെയ്യേണ്ടത്. സങ്കീര്‍ണമായ നിയമപ്രശ്‌നത്തിനിടെ മുനമ്പത്തെ ഭൂമി സംസ്ഥാന വഖഫ് ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് മറ്റൊരു നിയമ കുരുക്കായി. ഈ സാഹചര്യത്തിലാണ് ആശങ്ക അറിയിച്ച് മുനമ്പം സമരസമിതി രംഗത്തെത്തിയത്. ഉടന്‍ മുഖ്യമന്ത്രിയെ കണ്ട് പരിഹാരം ആവശ്യപ്പെടുമെന്നും സമരസമിതി അറിയിച്ചു. നിയമനടപടി തുടരുന്ന ഭൂമി പോര്‍ട്ടലില്‍ ചേര്‍ത്ത സംസ്ഥാന വഖഫ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ച് വിടണമെന്നാണ് മുനമ്പം സമരസമിതിയുടെ ആവശ്യം.
രണ്ട് മതവിഭാഗങ്ങളെ ശത്രുക്കള്‍ ആക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിമര്‍ശിച്ചിരുന്നു. വഖഫ് ബോര്‍ഡ് നടപടിയെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം പ്രശ്‌നത്തില്‍ പത്തുമിനിറ്റില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ഈ ചെയ്ത്ത് ചെയ്തത്. മുനമ്പം ഭൂമിപ്രശ്‌നത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാറിന്റെ അജന്‍ഡയ്ക്ക് കുടപിടിച്ചുനില്‍ക്കുകയാണ് മുന്‍സര്‍ക്കാര്‍ ചെയ്തതെന്നും സതീശന്‍ പറഞ്ഞു.