മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് ഇ ഡി ഉടൻ നോട്ടീസ് അയക്കില്ല. ഹൈക്കോടതി ഉത്തരവിന് കാത്തിരിക്കാനാണ് തീരുമാനം. വീണക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മതിയെന്ന തീരുമാനത്തിലാണ് ഇഡി.
വീണക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന നിലപാടിലാണ് ഇ ഡി. അതേസമയം, പിണറായിയുടെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസ് കടുപ്പിക്കാനും ഇഡി നടപടി തുടങ്ങി. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമേ സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും കേസില്‍ പ്രതികളാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഇഡി തയാറെടുക്കുന്നത്.
വീണയ്ക്ക് സമന്‍സ് അയക്കാനും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡിക്ക് നിലവില്‍ നിയമതടസമില്ല. എങ്കിലും തിടുക്കം വേണ്ടെന്ന ധാരണയിലേക്കാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തിയിരിക്കുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ് വരിക. അന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ വേഗത്തില്‍ തുടര്‍ നീക്കങ്ങളുണ്ടാകുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.