ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ഗാന്ധിയുടെ പങ്ക് അന്വേഷിക്കണമെന്ന് പറയുന്ന മന്ത്രിമാര്‍ സംസാരിക്കുന്നത് സമനില തെറ്റിയവരെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോ എടുത്തവർ പ്രതിയാകുമെങ്കിൽ മുഖ്യമന്ത്രി പ്രതിയാവില്ലേ എന്നും വി ഡി സതീശൻ ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മന്ത്രിമാരായ വീണ ജോർജും വി ശിവൻകുട്ടിയും എം ബി രാജേഷും സോണിയാ ഗാന്ധി- പോറ്റി കൂടിക്കാഴ്ച ഉയര്‍ത്തിക്കാട്ടിയയത്. എന്നാൽ ഒരാള്‍ കേസില്‍ പ്രതിയായാല്‍ ജീവിതകാലത്ത് അയാള്‍ക്കൊപ്പം ഫോട്ടോയെടുത്തവരെല്ലാം പ്രതിയാകുമെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയും പോറ്റിക്കൊപ്പം ഫോട്ടോയെടുത്തില്ലേ എന്നും മുഖ്യമന്ത്രി കേസില്‍ പ്രതിയെന്ന് തങ്ങള്‍ ആരോപിച്ചോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
സോണിയ ഗാന്ധിയെക്കാണുമ്പോള്‍ പോറ്റി ഏതെങ്കിലും കേസില്‍ പ്രതിയായിരുന്നോ എന്നും സോണിയാ ഗാന്ധിയെ കാണാന്‍ എത്രയോ പേര്‍ വരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കേവലം ഫോട്ടോയെടുത്തതിന്റെ പേരിലല്ലെന്നും കൊള്ളയിലെ പങ്ക് സംശയിക്കുന്നതിനാലാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എല്ലാവരും അറിയുന്ന സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ കേസില്‍ പിടിയിലാകുമ്പോഴും സോണിയാ ഗാന്ധിയെക്കുറിച്ചാണ് മന്ത്രിമാര്‍ സംസാരിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.