തിരുവനന്തപുരം ബാലരാമപുരത്ത് അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ച സംഭവം അപലപനീയമെന്ന് മന്ത്രി വീണ ജോര്‍ജ്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വിഭാഗങ്ങളിലും ഉള്ള കുട്ടികള്‍ ജാതി മത വ്യത്യാസമില്ലാതെ എത്തുന്ന ഇടമാണ് അങ്കണവാടി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് വീണ ജോര്‍ജ് പറഞ്ഞു.
കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും സഹകരണത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.
ഇക്കഴിഞ്ഞ 14ാം തിയതി രാത്രിയായിരുന്നു സംഭവം. പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടക്കോട് വാര്‍ഡില്‍ ഏഴാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെയാണ് പെയിന്റ് മാറ്റി അടിച്ചത്. നേരത്തെ ഉണ്ടായിരുന്ന നിറം മാറിയത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പഞ്ചായത്ത് അധികര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് അംഗമായ ബി.ജെ.പി പ്രവര്‍ത്തകയുടെ അറിവോടെയാണ് കാവി നിറമടിച്ചതെന്ന് അവര്‍ ആരോപിച്ചു. എന്നാല്‍ പഞ്ചായത്ത് ഫണ്ട് ഇല്ലാത്തതിനാല്‍ സ്‌പോണ്‍സര്‍മാര്‍ വഴി ലഭിച്ച മൂന്ന് പെയിന്റുകള്‍ കുട്ടികള്‍ക്ക് ആകര്‍ഷകമാകുന്ന വിധം നല്‍കിയതാണെന്ന് ആയിരുന്നു പഞ്ചായത്ത് അംഗം നല്‍കിയ വിശദീകരണം. വിവാദത്തിന് പിന്നാലെ നിറം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അറിയിച്ചു.