മൂന്നാറിൽ എത്തിയ വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. യുവതിയോട് അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശചെയ്‌ത പൊലീസുകാർക്കും എതിരെ നടപടി ഉണ്ടാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 31 നായിരുന്നു മുംബൈ സ്വദേശിനിയായ യുവതിക്ക് മോശം അനുഭവം ഉണ്ടായത്. യാത്രക്ക് ഓൺലൈൻ ടാക്‌സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ ആറ് പേരാണ് യുവതിയോട് മോശമായി പെരുമാറിയതെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇവരുടെ ലൈസൻസ് റദ്ദാക്കും. ഇനി ഈ സംഭവം ആവർത്തിക്കരുത്. ഊബർ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല. ഊബർ ഓടിക്കുന്നവരും തൊഴിലാളികളാണ്. മൂന്നാറിൽ ഗുണ്ടായിസം നടത്തുകയാണ്. തൊഴിലാളികളോട് സ്നേഹമുള്ള സർക്കാറാണിത്. എന്നാൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അനുവദിക്കില്ല. പുരോഗമന സംസ്ഥാനത്തിന് ചേർന്ന നടപടിയില്ല. മൂന്നാറിൽ ഡബിൾ ഡക്കർ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു. അന്ന് കുറേ പേർക്ക് പിഴ ചുമത്തിയിരുന്നു. അതിൽ പിഴ അടക്കാത്തവർക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്‌തപ്പോൾ പ്രദേശവാസികളായ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതിയാണ് പങ്കുവച്ചത്. മുംബൈയിൽ അസിസ്‌റ്റൻ്റ് പ്രഫസറാണ് യുവതി. 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ തനിക്കുണ്ടായ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി പറഞ്ഞിരുന്നു.
ഓൺലൈനായി ബുക്ക് ചെയ്‌ത ടാക്‌സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്‌സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്‌ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി വീഡിയോയിൽ പറയുന്നു.
ദുരനുഭവം ഒരിക്കലും മറക്കാനാകില്ല. ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പറയുന്നു. ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു.
ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി. കേരളത്തിൻ്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്‌ഥലം സന്ദർശിക്കാൻ എനിക്ക് ഇനി കഴിയില്ല എന്ന് പറഞ്ഞാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.