നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരിന് ചതിയുടെ രാഷ്ട്രീയം നന്നായി അറിയാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ചതിയും വഞ്ചനയുമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേ പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.
വാരിയന്‍ കുന്നത്തിന്റെ മണ്ണാണ് നിലമ്പൂരെന്നും അദ്ദേഹത്തെ ചതിച്ചയാളുടെ മണ്ണ് കൂടിയാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. എംഎല്‍എ ആയിരിക്കെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെ ഓര്‍ക്കുന്നു. ഓരോഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മറക്കുന്നവരല്ല എല്‍ഡിഎഫ്. എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചു. പൊതു പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ ക്ലീന്‍ ഇമേജുള്ളയാളാണ് സ്വാരാജ്. ആരുടെ മുന്നിലും തലയുയര്‍ത്തി അഭിമാനത്തോടെ വോട്ട് ചോദിക്കാന്‍ സ്വരാജിനാവും. കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ സ്വരാജിനായിട്ടുണ്ട്. സ്വരാജിന്റെ നല്ല തുടക്കമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പര്യടനം നടത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്ത ഒരു വലിയ വിഭാഗം പിന്തുണയുമായി എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരും. ജനങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിന് കരുത്ത് പകരുന്നത്. അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന സല്‍പ്പേര് കേരളത്തിന് ലഭിച്ചെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.