1970- ലെ ഭൂപരിഷ്‌കരണ നിയമങ്ങളുടെ സുവര്‍ണ ജൂബിലി: വിപുലമായ ആഘോഷത്തിന് ഒരുങ്ങി സി.പി.ഐയും റവന്യു വകുപ്പും

ഭൂപരിഷ്‌കരണ നടപടികളുടെ സുവര്‍ണ ജൂബിലി വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി സി.പി.ഐയും റവന്യു വകുപ്പും. കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച 1970- ലെ സി.അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ അന്‍പതാം വാര്‍ഷികമാണ് റവന്യു വകുപ്പ് ആഘോഷിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരമാണ് സി.പി.ഐ ഭരിക്കുന്ന റവന്യു വകുപ്പ് ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ജന്മിത്വം അവസാനിപ്പിച്ച് ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ അന്‍പതാം വാര്‍ഷികദിനമായ 2020 ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

1957- ലെ ഇം.എം.എസ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന കാര്‍ഷികബന്ധ ബില്ലാണ് ഭൂപരിഷ്‌കരണം സാദ്ധ്യമാക്കിയത് എന്ന സി.പി.എമ്മിന്റെ അവകാശവാദത്തിനിടെയാണ് സി.പി.ഐ, സി.അച്യുതമേനോന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം ഭൂപരിഷ്‌കരണ നിയമത്തിന്റെ പിതൃത്വത്തെ കുറിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കം പതിവാണ്.ഭരണപരമായ പ്രശ്‌നങ്ങളിലോ രാഷ്ട്രീയ പ്രശ്‌നങ്ങളിലോ ഏറ്റുമുട്ടുമ്പോഴാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ അവരവരുടെ അവകാശവാദങ്ങള്‍ പ്രകടിപ്പിക്കുക. കാര്‍ഷിക ബന്ധ ബില്ലാണ് ഭൂപരിഷ്‌കരണ നിയമം സാദ്ധ്യമാക്കിയത് എന്ന് സി.പി.എം നേതാക്കള്‍ വാദിക്കുമ്പോള്‍ അച്യുതമേനോന്‍ സര്‍ക്കാരാണ് അത് ഫലപ്രദമായി നടപ്പാക്കിയതെന്നാണ് സി.പി.ഐ നേതാക്കളുടെ എതിര്‍വാദം. ഈ നിലപാടില്‍ മാറ്റമില്ലാതെ നില്‍ക്കുമ്പോഴാണ് ഭൂപരിഷ്കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ സി.പി.ഐയുടെ രാഷ്ട്രീയ തീരുമാനം വരുന്നത്.

ആഘോഷ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് വിഷയം മുഖ്യമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോഴും അനുമതി ലഭിക്കുമെന്ന് റവന്യു വകുപ്പിന് പ്രതീക്ഷയില്ലായിരുന്നു.മാവോയിസ്റ്റ് വെടിവെയ്പിനും യു.എ.പി.എ കേസിനും പിന്നാലെ മുന്നണിയിലെ പുതിയ തര്‍ക്കവിഷയമായി മാറുമോ എന്ന ആശങ്കയിലാണ് റവന്യു മന്ത്രിയും നിയമസഭാകക്ഷി നേതാവുമായ ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ എതിര്‍പ്പൊന്നും കൂടാതെ ആഘോഷപരിപാടികള്‍ക്ക് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു.

1957-ലെ ഇം.എം.എസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ആറാം ദിവസം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തലാക്കി കൊണ്ട് ഇറക്കിയ ഓര്‍ഡിനന്‍സിലൂടെയാണ് സംസ്ഥാനത്തെ ഭൂപരിഷ്‌കരണ നടപടികളുടെ തുടക്കം. തുടര്‍ന്ന് 1957 ഡിസംബറിലാണ് റവന്യുമന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ വിപ്‌ളവകരമായ കാര്‍ഷികബന്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.124 മണിക്കൂര്‍ നീണ്ട വകുപ്പ് തിരിച്ചുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് 1959 ജൂണില്‍ ബില്‍ നിയമമായത്. തുടര്‍ന്നായിരുന്നു വിമോചനസമരവും ഇം.എം.എസ് സര്‍ക്കാരിന്റെ പിരിച്ചുവിടലും. പിന്നാലെ വന്ന കോണ്‍ഗ്രസ്-പി.എസ്.പി സര്‍ക്കാര്‍ നിയമത്തില്‍ വെളളം ചേര്‍ക്കുന്നതിനായി പുതിയ ഭേദഗതി കൊണ്ടുവന്നു. സുപ്രീം കോടതി ഇടപെടലിനും തടസ്സങ്ങള്‍ സൃഷ്ടിച്ചു.1963  -ല്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നെങ്കിലും കര്‍ഷക താത്പര്യങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം.1967-ലെ ഇം.എം.എസിന്റെ നേതൃത്വത്തിലുളള സപ്തകക്ഷി സര്‍ക്കാര്‍ പ്രയോജനരഹിതമായ ഭൂപരിഷ്‌കരണ നിയമം സമഗ്രമായി അഴിച്ചുപണിഞ്ഞു. മൂലനിയമത്തില്‍ 32വകുപ്പകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുവന്ന നിയമം 1969 ഒക്ടോബര്‍ 17-ന് നിയമസഭ പാസാക്കി. പാസാക്കിയ ബില്‍ ആക്റ്റാകുന്നതിനിടെ സി.പി.എം -സി.പി.ഐ പോരില്‍ സര്‍ക്കാര്‍ വീണു. കോണ്‍ഗ്രസ് പിന്തുണയോടെ സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ സി.പി.ഐ പുതിയ സര്‍ക്കാരുണ്ടാക്കി.

ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാന്‍ പിന്തുണ നല്‍കാമെന്നത് അടക്കമുളള മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് സി.പി.ഐ കോണ്‍ഗ്രസുമായി കൈ കോര്‍ത്തത്.1970 ജനുവരി ഒന്നിനാണ് സമഗ്രവും സമ്പൂര്‍ണവുമായ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയത്. ഇതോടെയാണ് കേരളത്തില്‍ ജന്മിത്വം നിയമം മൂലം ഇല്ലാതായത്.ഈ ചരിത്രം പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐയും റവന്യുവകുപ്പും സുവര്‍ണജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.

Latest Stories

'ശുഭ്മൻ, സായ്, ബട്ലർ എല്ലാം പരാജയപെട്ടു, പവർപ്ലേ നന്നായി ഉപയോഗിച്ചില്ലെങ്കിൽ തോൽക്കും'; വിമർശിച്ച് ഗുജറാത്ത് പരിശീലകൻ

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: 13 പേർ മരണപെട്ടു

എനിക്ക് നന്ദി പറയാനുള്ളത് ഹാർദിക് ഭായിയോടാണ്, അദ്ദേഹമാണ് എന്നോട് കൃത്യമായി പ്ലാൻ പറഞ്ഞു തന്നത്: അശ്വനി കുമാര്‍

ബോളർമാരുടെ മോശം പ്രകടനം കാരണമാണ് ഞങ്ങൾ തോറ്റത്, അടുത്ത മത്സരത്തിൽ തെറ്റുകൾ തിരുത്തും: ശുഭ്മൻ ഗിൽ

ചൂടിൽ വെന്തുരുകി കേരളം; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ബംഗാളിലെ ലക്ഷ്മി ഭണ്ഡാറിന് മോദി വിരിച്ച ചക്രവ്യൂഹം; വനിതാ ബില്ലിലെ രാഷ്ട്രീയ കെണിയും പ്രതിപക്ഷത്തിന്റെ ചെറുത്തുനിൽപ്പും

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം; 6 മരണം, 40 ഓളം പേര്‍ക്ക് പരിക്ക്

തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; നാൽപ്പതോളം പേർക്ക് പരിക്ക്

15 വർഷത്തെ സേവനം; ആപ്പിൾ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങി ടിം കുക്ക്; അടുത്ത സിഇഒയായി ജോൺ ടെർനസ് ചുമതലയേൽക്കും

 കത്തുന്ന അതിരുകൾ, നിശ്ശബ്ദമായ രാജ്യം: മണിപ്പൂർ