സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരുടെ അഭാവത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം. സ്ഥിരം വിസിമാരുടെ അഭാവം ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരമാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. 13 സര്‍വകലാശാലകളില്‍ 12 എണ്ണത്തിലും സ്ഥിരം വിസിമാരുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിലയിരുത്തല്‍.
ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ഡിവിഷന്‍ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിനെയും സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറെയും വിമര്‍ശിച്ചത്. കേരള സര്‍വകലാശാലയുടെ വിസിയായി ഡോ മോഹന്‍ കുന്നുമ്മലിനെ താല്‍ക്കാലികമായി നിയമിച്ചതിനെ ചോദ്യം ചെയ്തു ഹര്‍ജി തള്ളുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
പ്രായപരിധി കഴിഞ്ഞതിനാലും ഗവേഷണ ബിരുദവുമില്ലാത്തതിനാല്‍ ഡോ. കുന്നുമ്മലിന്റെ നിയമനം അസാധുവാണെന്ന് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളായ ഡോ എ ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശന്‍ എന്നിവര്‍ വാദിച്ചു. സ്ഥിരം വിസിയെ നിയമിക്കുന്നതിലെ കാലതാമസം കാരണം സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക നിയമനം അനിവാര്യമാണെന്ന ഗവര്‍ണറുടെ വാദം ഹൈക്കോടതി അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്.