'പൊലീസാണു വൈറസ്', എല്ലാ രേഖയും കരുതിയിട്ടും ലാത്തിക്ക് അടിച്ച് പൊലീസ്: അധ്യാപകന്റെ കുറിപ്പ്

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് കോളേജ് അദ്ധ്യാപകനും മുസ്ളീം ലീഗ് പ്രവർത്തകനുമായ യുവാവ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മുഹമ്മദ് അസ്ളം തന്റെ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്.

കൂട്ടിലങ്ങാടിയിൽ ഇറച്ചി വാങ്ങാൻ പോയതായിരുന്നു മുഹമ്മദ് അസ്ളം, പുറത്തിറങ്ങാൻ ആവശ്യമായ എല്ലാ രേഖയും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. വഴിയിൽ വച്ച് ബൈക്ക് നിർത്തി രേഖകൾ പരിശോധിച്ച് ചോദ്യങ്ങൾ ചോദിച്ച ശേഷം പോകുവാൻ അനുവാദം നൽകിയ പൊലീസ്, വണ്ടിയെടുത്ത് പുറപ്പെടാൻ ഒരുങ്ങിയ മുഹമ്മദ് അസ്ളമിനെ പുറകിൽ നിന്നും ലാത്തി വീശി അടിക്കുകയായിരുന്നു.

മുഹമ്മദ് അസ്ളത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

പൊലീസാണു വൈറസ്

ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പൊലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോൾ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പൊലീസ് വാഹനം നിർത്തിയിട്ടുണ്ട്. ഞാൻ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു.എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു..

പൊലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല; ഇരയെയാണ്. വാണിയമ്പലത്തെ മർദ്ധനവും മനസ്സിൽ വന്നു.

കേവലം ഒരു ഹെൽമെറ്റ് വെക്കാത്തതിനു പോലും എനിക്ക് പൊസുകാർക്കു മുന്നിൽ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റർ ബോർഡിൽ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..

ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാൽ അത്യാവശ്യം പ്രാദേശിക പൊതുപ്രവർത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളിൽ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദർശിച്ചു, മഴക്കെടുതി വിലയിരുത്തി വാർഡു മുതൽ മുകളിലേക്കുള്ള ജനപ്രതിനികളോട് കാര്യങ്ങൾ അറിയിച്ചു. ഇതെല്ലാം എന്റെ അയൽപക്കത്തിൽ. അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും “പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ…” എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..

പൊലീസിനെ സംബന്ധിച്ച് മാരക മർദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ മാറുമായിരിക്കും. ശരീരത്തിൽ നിന്ന് ; മനസ്സിൽ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും. എന്നാലും ഒരുറപ്പുണ്ട്, അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ്,
അന്യായമായിരുന്നെങ്കിൽ നീയൊക്കെ അനുഭവിച്ചേ പോകൂ..

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്