പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചു; കൊച്ചി റിഫൈനറി സ്തംഭിപ്പിക്കുമെന്ന് സി.ഐ.ടി.യു; പെട്രോള്‍ വിതരണമടക്കം തടസ്സപ്പെടും

സിഐടിയുവിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം പണിമുടക്കിയ തൊഴിലാളികളുടെ ശമ്പളം പിടിച്ചുവെച്ച ബിപിസിഎല്‍ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍. രണ്ടു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് എട്ടു ദിവസത്തെ ശമ്പളമാണ് ബിപിസിഎല്‍ പിടിച്ചുവെച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും, നടപടി പിന്‍വലിക്കാത്ത മാനേജ്മെന്റിന്റെ പിടിവാശിക്കെതിരെ 28 മുതല്‍ കൊച്ചി റിഫൈനറിയില്‍നിന്നുള്ള ഉല്‍പ്പന്നനീക്കം സ്തംഭിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി. ഇതിന്റെ ആദ്യഭാഗമായി കഴിഞ്ഞ ദിവസം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി.

കഴിഞ്ഞ മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിനാണ് റിഫൈനറി തൊഴിലാളികളുടെ ജൂലൈയിലെ ശമ്പളത്തില്‍നിന്ന് എട്ടുദിവസത്തെ കൂലി മാനേജ്മെന്റ് പിടിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് മുതല്‍ തൊഴിലാളികള്‍ സമരത്തിലാണ്. പ്രശ്നം ഒത്തുതീര്‍ക്കാന്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പലവട്ടം ചര്‍ച്ച നടന്നെങ്കിലും മാനേജ്മെന്റ് സമരങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരായി ശിക്ഷാ നടപടി സ്വീകരിച്ചത് ബിപിസിഎല്‍ മാനേജ്‌മെന്റ് മാത്രമാണെന്നാണ് സിഐടിയുവിന്റെ വാദം. കൊച്ചി റിഫൈനറി പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത സ്ഥാപനമാണെന്നും അതുകൊണ്ടുതന്നെ വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22, കൊച്ചി റിഫൈനറി തൊഴിലാളികള്‍ക്ക് ബാധകമാണെന്നും ബിപിസിഎല്‍ വ്യക്തമാക്കിയിരുന്നു.

വ്യവസായ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 22 പറയുന്നത് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ പബ്ലിക് യൂട്ടിലിറ്റിയിലുള്ള തൊഴിലാളികള്‍ പണിമുടക്കരുതെന്നാണ്. അതുകൊണ്ട് പണിമുടക്ക് നോട്ടീസ് അനുരഞ്ജന ചര്‍ച്ചയിലിരിക്കേ തൊഴിലാളികള്‍ പണിമുടക്കിയത് നിയമ വിരുദ്ധമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

എന്നാല്‍, പബ്ലിക് യൂട്ടിലിറ്റിയായി നോട്ടിഫൈഡ് ചെയ്ത കേരളത്തിനകത്തും പുറത്തുമുള്ള മറ്റൊരു സ്ഥാപനവും തൊഴിലാളികള്‍ക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. പന്ത്രണ്ട് ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ദേശീയ തൊഴിലാളി സംഘടനകളും, തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായി 2021 നവംമ്പര്‍ 11 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനാണ് ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പൊതുവില്‍ രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരുടെ വിശേഷിച്ച് തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങളാണ് പണിമുടക്കിലൂടെ ഉന്നയിക്കപെട്ടതെന്ന് സിഐടിയു വാദിക്കുന്നു.

പത്തോ അതിലധികമോ തൊഴിലാളികള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പണിയിടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ പണിക്ക് കയാറാതിരിക്കുകയോ ചെയ്താല്‍ പരമാവധി എട്ടു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാം എന്നതാണ് അക്റ്റിലെ വ്യവസ്ഥ. പേമെന്റ് ഓഫ് വേജസ് ആക്റ്റിലെ സെക്ഷന്‍ 9 പ്രകാരമാണ് പണിമുടക്കിയ തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ചിരിക്കുന്നതെന്ന് ബിപിസില്‍ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക