കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതകര്‍ക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് കിട്ടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കേരളത്തിന് ലഭിച്ചത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാല്‍ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവര്‍ദ്ധനവില്‍ കാര്‍ഷിക മേഖലയിലെ സബ്‌സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വര്‍ദ്ധനവില്ല.
കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷുറന്‍സിനും തുക കുറവാണ്. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണ്. ബിഹാറിന് വാരിക്കോരി സഹായം പ്രഖ്യാപിച്ചിരിക്കുന്ന ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞു. കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.