കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു.
പദ്ധതിയിൽ ഇടത് സർക്കാർ ഒപ്പിട്ടിരുന്നുവെന്നും നിലപാട് നിശ്ചയിക്കാൻ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതിയെന്നും വി ഡി സതീശൻ പറഞ്ഞു. ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലായ് 1 മുതൽ നടപ്പിലാക്കും. പിഎം ശ്രീയിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കരിക്കുലത്തിൽ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധനക്കായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പി എം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്‍ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.