കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.
വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും.
കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.