പി.എസ്.സി പരീക്ഷാത്തട്ടിപ്പ്; കോപ്പിയടി ബ്‌ളൂടൂത്ത് വാച്ച് ഉപയോഗിച്ചെന്ന് സൂചന, പ്രതികളുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ കോപ്പിയടിച്ചത് സ്മാര്‍ട്ട് വാച്ചിലെ ബ്‌ളൂടൂത്ത് ഉപയോഗിച്ചാണെന്നു സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച റെയ്ഡ് നടത്തി. രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് മെമ്മറി കാര്‍ഡുകളും ഏതാനും രേഖകളും പിടിച്ചെടുത്തു.

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സി.യുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്‍പതിലേറെ പേര്‍ ഉള്‍പ്പെടുന്ന വന്‍ സംഘമുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച സൂചന.

സാധാരണ പി.എസ്.സി. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാഹാളിനു പുറത്തു വെയ്ക്കണം. എന്നാല്‍, ഫോണ്‍ പുറത്തു വെയ്ക്കുന്നതിനു മുമ്പ് ശിവരഞ്ജിത്തും നസീമും കൈയില്‍ കെട്ടിയിരുന്ന സ്മാര്‍ട്ട് വാച്ചും പുറത്തുള്ള ഫോണും തമ്മില്‍ ബ്‌ളൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിച്ചുവെന്നാണ് സൂചന.

സുഹൃത്തുക്കള്‍ പുറത്തു നിന്ന് സന്ദേശമായി അയച്ച ഉത്തരങ്ങള്‍ ഈ വാച്ച് വഴി സ്വീകരിച്ചാണ് പരീക്ഷയെഴുതിയത്. പരീക്ഷാ ഹാളില്‍നിന്ന് ചോദ്യക്കടലാസ് ജനാല വഴി പുറത്തേക്കിടുകയോ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഫോണ്‍ ഉപയോഗിച്ച് ചോദ്യക്കടലാസ് പുറത്തെത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ഇവ കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.

ശിവരഞ്ജിത്തിനെയും നസീമിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് റെയ്ഡ്. പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.

നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാസമയത്ത് ഉത്തരങ്ങള്‍ നല്‍കിയെന്നു സംശയിക്കുന്ന പേരൂര്‍ക്കട എസ്.എ.പി. ക്യാമ്പിലെ ഗോകുലിനെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്ന് ക്രൈം ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണു പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് കേസില്‍ പ്രതികള്‍. ഇതില്‍ ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുലിന്റെ ബൈക്ക് എസ്.എ.പി. ക്യാമ്പിലുണ്ട്. എവിടെയാണെന്നു ഗോകുല്‍ ഓഫീസില്‍ അറിയിച്ചിട്ടില്ല. തുടര്‍ച്ചയായി 21 ദിവസം ഹാജരാകാതിരുന്നാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാം. ഗോകുല്‍ ജില്ല വിട്ടതായാണ് സൈബര്‍ സെല്‍ കണ്ടെത്തിയത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ