സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനാൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കേരളത്തിൽ ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാമെന്നാണ് അറിയിപ്പ്.
കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കനത്ത ചൂടിൽ നിർജലീകരണം കൂടാതെ, ഉറക്കമില്ലായ്മ, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓരോ ജാഗ്രത നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.