നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി എന്ന് പറഞ്ഞ വി ഡി സതീശൻ തെറ്റായ അവകാശവാദങ്ങൾ കുത്തിനിറച്ച നയ പ്രഖ്യാപനമാണിതെന്നും കുറ്റപ്പെടുത്തി.
52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. സർക്കാർ പാവങ്ങളെ കബളിപ്പിക്കുന്നു. അർദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി.
തകർന്ന് തരിപ്പണമായി നിൽക്കുന്നത് നാല് വർഷ കോഴ്‌സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ച് നിൽക്കുന്നു. സജി ചെറിയാനെ മന്ത്രി സഭയിൽ ഇരുത്തിയാണ് നയപ്രഖ്യാപനത്തിൽ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.