സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി. പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ജമാ അത്തെ ഇസ്ലാമി അപലപിച്ചില്ലെന്ന എംവി ഗോവിന്ദന്റെ ആരോപണത്തിനെതിരെയാണ് ജമാ അത്തെ ഇസ്ലാമി നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
വര്‍ഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ എംവി ഗോവിന്ദനും സഖാക്കളും പച്ചക്കള്ളമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചില്ലെന്നുള്ള ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എഴുന്നെള്ളിച്ചിരിക്കുന്നതെന്നും ഷിഹാബ് കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ വ്യാജം പ്രചരിപ്പിക്കുന്ന സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്. മുസ്ലിം സമുദായത്തെക്കുറിച്ചും മലപ്പുറം ജില്ലയെ സംബന്ധിച്ചും ഇടതുപക്ഷം കാലങ്ങളായി രൂപപ്പെടുത്തിയ വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടിസെക്രട്ടറിയുടെ ഈ പ്രസ്താവനയും.
മുസ്ലിം സമുദായത്തെയും സംഘടനകളെയും അപരവത്കരിക്കുകയും ഭീകരവത്കരിക്കുകയും ചെയ്യുന്ന ആഖ്യാനങ്ങളാണ് കേരളത്തില്‍ സിപിഎം ഓരോ തിരഞ്ഞെടുപ്പുകളിലും ഉയര്‍ത്തുന്നതെന്നും ഷിഹാബ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.