മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണെന്ന് ചാണ്ടി ഉമ്മൻ. തൻറെ ഇടം ജനമനസിലാണ്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹമാണ് ജനങ്ങൾ തനിക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ട്. വികസന കാര്യങ്ങളിൽ ചില പരിമിതികൾ വന്നേക്കും. എങ്കിലും ജനങ്ങളോടൊപ്പം നിൽക്കുന്നതാണ് പ്രധാനം. പാർട്ടിക്ക് ചില വ്യവസ്ഥകളുണ്ട്. അത് അവർ പറയും. മന്ത്രി സ്ഥാനത്ത് പേര് ഉണ്ടായിരുന്നെങ്കിൽ നേരത്തെ സൂചിപ്പിച്ചേനെയെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രിയോ നേതൃത്വമോ ആരും തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മന്ത്രിയായി കാണണമെന്ന ജനങ്ങളുടെ ആഗ്രഹം മാധ്യമങ്ങൾ കൊടുത്തതാകും. മന്ത്രിയായി കാണണമെന്ന് ആഗ്രഹിച്ചതായി ഒരുപാടു പേർ തന്നോട് നേരിട്ടും പറഞ്ഞിട്ടുണ്ട്. 2011 മുതൽ തനിക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയുമായിരുന്നു. പക്ഷേ മത്സരിച്ചിട്ടില്ല. പ്രസ്ഥാനം തീരുമാനിക്കുമ്പോൾ മാത്രമേ ഏത് സ്ഥാനവും ഏറ്റെടുക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ധാരാളം സമയമുണ്ട്. എ കെ ആൻറണി സുഖത്തിലും ദുഃഖത്തിലും ഒരു പോലെ ഒപ്പം ഉള്ള കുടുംബാംഗമാണ്. കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതു കൊണ്ടാണ് ഇന്നലെ പോയത് എന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.