നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍ നീതികരിക്കാനാവില്ല; സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം; രൂക്ഷവിമര്‍ശനവുമായി കെസിബിസി

വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവന്‍കൂടി വയനാട്ടില്‍ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ക്ക് തെളിവാണെന്ന് കെസിബിസി. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സമാധാനപൂര്‍ണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളില്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ജീവിക്കുന്ന ഗ്രാമീണര്‍ക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികള്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ നേരിടുന്നതിനിടയിലും കൂടുതല്‍ ജനദ്രോഹപരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വനനിയമം പരിഷ്‌കരിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പരിഷ്‌കരണ ശ്രമം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസാക്കിയ ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് ഫോറത്തിന്റെ നടപടി അത്യന്തം അപലപനീയമാണ്. ആ യോഗത്തില്‍ സംസ്ഥാന വനം മന്ത്രി അധ്യക്ഷനായിരുന്നു എന്ന വസ്തുത ലജ്ജാകരമാണ്.

വന്യജീവികള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കെ അതിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും വനം വകുപ്പ് കൈക്കൊള്ളുന്നില്ല എന്നുള്ളതാണ് വസ്തുത. വന്യജീവികള്‍ വനം നിറഞ്ഞ് നാട്ടിലേക്കിറങ്ങുന്ന സാഹചര്യം പരിഗണിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കാനും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാനും സര്‍ക്കാരിനും വനം വകുപ്പിനുമാണ് ഉത്തരവാദിത്തമുള്ളത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വരുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ 2006 ല്‍ അറുപതില്‍ താഴെ കടുവകളാണ് ഉണ്ടായിരുന്നതെങ്കില്‍, 2018 ആയപ്പോള്‍ അവയുടെ എണ്ണം വനത്തിന് താങ്ങാന്‍ കഴിയാത്തവണ്ണം നൂറ്റെണ്‍പതോളമായി. ഇത്തരത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാല്‍ വരും കാലത്ത് കടുവയുടെ ശല്യം വയനാട്ടിലും സമീപ പ്രദേശങ്ങളിലും കുത്തനെ ഉയരുമെന്ന് തീര്‍ച്ചയാണ്.

മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ ആനകളുടെ ശല്യവും പലയിടങ്ങളിലായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ജനുവരി 23 ന് മാധ്യമങ്ങള്‍ ഏറിയപങ്കും വലിയ വാര്‍ത്താ പ്രാധാന്യം നല്‍കിയത് ജനവാസമേഖലയില്‍ കിണറ്റില്‍ ഒരു ആന അകപ്പെട്ട സംഭവത്തിനും അതിരപ്പിള്ളിയില്‍ ഒരു ആനയുടെ തലയില്‍ പരിക്കേറ്റ സംഭവത്തിനുമായിരുന്നു. വന്യമൃഗങ്ങളാല്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ക്ക് അത്രപോലും ഗൗരവം നല്‍കാന്‍ മാധ്യമങ്ങളോ സര്‍ക്കാരോ തയ്യാറാകുന്നില്ല എന്നുള്ളത് ഖേദകരമാണ്. ഈ ഘട്ടത്തില്‍, മനുഷ്യജീവനും മനുഷ്യരുടെ സൈ്വര്യ ജീവിതത്തിനും തടസ്സമാകുന്ന വന്യമൃഗ ശല്യം നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. വനം വിട്ട് വന്യജീവികള്‍ ജനവാസമേഖലകളിലേയ്ക്ക് ഇറങ്ങുന്ന സംഭവങ്ങളില്‍ അതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടേത് ആയിരിക്കുമെന്ന നിലപാട് കൈക്കൊള്ളുകയും കൃത്യവിലോപത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. വന്യമൃഗ അക്രമണങ്ങളാല്‍ മനുഷ്യജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂടായെന്നും കെസിബിസി വ്യക്തമാക്കി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും