പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ച് കോടതിയെ അറിയിച്ച് എൻഐഎ. 2047 ൽ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്ഐ പദ്ധതി എന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എസ്ഡിപിഐയെ നിർണായക ശക്തിയാക്കി, സൈന്യത്തിലും പൊലീസിലും ജുഡീഷ്യറിയിലും സൈന്യത്തിലും പൊലീസിലും സ്വാധീനമുണ്ടാക്കി ലക്ഷ്യം നേടുകയായിരുന്നു പിഎഫ്ഐയുടെ പദ്ധതിയെന്നും അന്വേഷണസംഘം കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പിഎഫ്ഐ അപായപ്പെടുത്താൻ പദ്ധതിയിട്ടവരുടെ ഹിറ്റ്ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചും എൻഐഎ കോടതിയെ അറിയിച്ചത്. എസ്ഡിപിഐയെ മുസ്ലിം സമുദായത്തെ മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത്ര നിർണായക ശക്തിയായി മാറ്റണം എന്നതാണ് സംഘടനയുടെ ഒരു ലക്ഷ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഘടനയുടെ പ്രവർത്തനം എങ്ങനെയായിരുന്നുവെന്നും എൻഐഎ പറയുന്നുണ്ട്. റിപ്പോർട്ടേഴ്സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് പ്രവർത്തനം. വളരെ രഹസ്യമായാണ് റിപ്പോർട്ടേഴ്‌സ് വിങ് പ്രവർത്തിക്കുക. അപായപ്പെടുത്തേണ്ടവരുടെ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കുന്നതും ഇവരാണ്. കൃത്യമായ ഇടവേളകളിൽ ഈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തിരുന്നു.
ഹിറ്റ്ലിസ്റ്റിൽ ഉള്ളവരെ അക്രമിക്കാനായി പരിശീലനം നൽകുക എന്നതാണ് ആംസ് ട്രെയിനിങ് വിങ്ങിന്റെ ചുമതല. സർവീസ് വിങിനെയാണ് ലിസ്റ്റിലുള്ളവരെ അപായപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്നത്. സമൂഹത്തിൽ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പിഎഫ്ഐ ഹിറ്റ്ലിസ്റ്റ് തയ്യാറാക്കിയിരുന്നത് എന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നുണ്ട്.