തുടർച്ചയായി കോൺഗ്രസിനെതിരെയും ബിജെപിയെ പുകഴ്ത്തിയും സജീവമാണ് ശശി തരൂർ എംപി. പല അവസരങ്ങളിലായി കോൺഗ്രസ് നേതൃത്തത്തെ ശശി തരൂരിന്റെ പരാമർശങ്ങൾ വെട്ടിലാക്കിയിട്ടുണ്ട്. ഇതേച്ചൊല്ലി പല വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ശശി തരൂർ എംപിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോ എന്നാണ് കെ സി വേണുഗോപാൽ ചോദിക്കുന്നത്. ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി എന്ന് ചോദിച്ച കെ സി വേണുഗോപാൽ കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട് എന്നുകൂടി കൂട്ടിച്ചേർത്തു.
‘ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്. പാർട്ടിക്ക് ആശയവും നയപരിപാടികളുണ്ട്. ഏതെങ്കിലും നേതാവ് പറയുന്നതുകൊണ്ട് അത് മാറ്റാറില്ല. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തകസമിതി എടുക്കുന്ന തീരുമാനവുമായി മുന്നോട്ടുപോവും. അതിൽനിന്ന് വ്യതിചലിക്കുന്നവരുടേത് വ്യക്തിപരമായ അഭിപ്രായമാണ്. അതിനൊരു സമയം കൊടുക്കും, അത്രേയുള്ളൂ’- കെ സി വേണുഗോപാൽ പറഞ്ഞത്.
അതിനിടെ കേന്ദ്രസർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ ജോൺ ബ്രിട്ടാസ് എംപി മധ്യസ്ഥം വഹിച്ചെന്ന വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകളിലും കെ സി വേണുഗോപാൽ പരാതികരിക്കുകയുണ്ടായി. ധർമേന്ദ്ര പ്രധാൻ പറഞ്ഞത് വാസ്തവവിരുദ്ധമാണെങ്കിൽ ജോൺ ബ്രിട്ടാസിന് പ്രിവിലേജ് നോട്ടീസ് നൽകാമെന്നും അത് ചെയ്യാത്തത് പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
ബിജെപി-സിപിഎം ബന്ധം കൂടുതൽ വെളിപ്പെടുകയാണ്. ലേബർ കോഡ്, പിഎംശ്രീ പദ്ധതികളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ വ്യക്തമാവുകയാണ്. കമ്യൂണിസ്റ്റ് ആശങ്ങൾ പണയംവെച്ച് അധികാരത്തിനുവേണ്ടി മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന സർക്കാരാണിത്. അത് സിപിഎം അണികൾ ചർച്ചചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു.