അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ഇടപെടല്‍. ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണംതേടി. വൈകീട്ട് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി, വാഹനങ്ങള്‍ തടയരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യത്തില്‍ വിശദീകരണം തേടുകയുംചെയ്തു. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതിയില്‍ വിശദീകരിക്കേണ്ടിവരും.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായും കോടതി വിലയിരുത്തി. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യ നടപടികളും നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഹൈക്കോടതി രജിസ്ട്രിയോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.