ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പ് വരുത്താൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചെമ്പ് പാളികൾ സ്ഥാപിച്ചുവെന്ന എ ജി പ്രസാദ് കുമാർ എന്ന ഭക്തൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.
സമീപകാലത്ത് ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികളും നവീകരണം പ്രവർത്തനങ്ങളും നടത്തിയിരുന്നുവെന്നും ഈ സമയത്ത് ഇതിലെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി, ചെമ്പോ അതുപോലെ വില കുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ച് പൊതിഞ്ഞു എന്നാണ് കത്തിൽ പറയുന്നത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും ദേവസ്വം ബോർഡിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടും വിശദീകരണം തേടിയിരുന്നു.
എന്നാൽ ഒരു തരത്തിലുള്ള അറ്റകുറ്റപ്പണിയും ഏഴരപ്പൊന്നാനയിൽ നടത്തിയിട്ടില്ലെന്നും രേഖകൾ പരിശോധിക്കുമ്പോൾ സ്വർണത്തിന്റെ കുറവൊന്നും വന്നിട്ടില്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കുന്നത്. റിപ്പോർട്ട് അവിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി സവിശേഷ സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു. ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തി, ഒരു സ്വർണപ്പണിക്കാരന്റെ കൂടി സഹായം തേടണം എന്നാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്ന നിർദേശം.