സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പലയിടത്തും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ മാള പുത്തൻചിറയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കിഴക്കുംമുറി സ്വദേശി സ്റ്റീഫന്റെ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുണ്ടായി. വീടിന്റെ മീറ്റർ ബോർഡും വൈദ്യുത ഉപകരണങ്ങളും പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂരക്കും ചുമരിനും വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ചില വീടുകൾക്കും ചെറിയ തോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാള പള്ളിപ്പുറത്ത് തെങ്ങ് വീണുണ്ടായ അപകടത്തിൽ വീട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാളപള്ളിപ്പുറം താണികാട് തൈവളപ്പിൽ സിറാജിന്റെ ഓട് മേഞ്ഞ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. സിറാജ്, ജേഷ്ഠൻ സുരാജ്, ഭാര്യ ഷാജിത, മക്കൾ ശിഹാബ്, ഷാനവാസ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേൽക്കൂരയും അടുക്കള ഉപകരണങ്ങളും തകർന്നിട്ടുണ്ട്.
കനത്ത മഴയിൽ കണ്ണൂർ ചെറുപുഴയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. ശക്തമായ മഴയിൽ മതിൽ തകർന്നു വീണു. കൊച്ചിയിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയാണ് പെയ്യുന്നത്. അങ്കമാലി ആലുവ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ യെല്ലോ അലോട്ട് പ്രഖ്യാപിച്ചിരുന്നു. മഴയെത്തുടർന്ന് പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ ഇലഞ്ഞി കൊല്ലകെമ്പിൽ ഗോപിനാഥൻന്റെ വീട് ഭാഗികമായി തകർന്നു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായി കത്തി നശിച്ചു. ഭിത്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മലയോരമേഖലയില്‍ കനത്തമഴയാണ്. തിരുവനന്തപുരം– തെങ്കാശി റോഡില്‍ വെള്ളം കയറി. ഇളവട്ടത്ത് റോഡില്‍ വെള്ളം കയറി ഗതാഗത തടസ്സപ്പെട്ടു. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു. കോഴിക്കോട് ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശമുണ്ട്.
അറബിക്കടലിലെ ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ കൂടുതല്‍ തീവ്രമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും വരുന്ന 24 മണിക്കൂറില്‍ ന്യൂനമര്‍ദം രൂപമെടുക്കാനിടയുണ്ട്. ഇവയുടെ സ്വാധീനത്തില്‍ ഞായറാഴ്ചവരെ സംസ്ഥാനത്ത് മഴ ലഭിക്കും. ഇന്ന് പതിനാലു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇരുപത്തി നാലാം തീയതി വരെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്.