തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.
സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വേണുവിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അതിനിടെ താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്.