നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് ഷാഫി പറമ്പിൽ എംപി. കേരളത്തിന്‍റെ, കോൺഗ്രസിന്‍റെ, യുഡിഎഫിന്‍റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഷാഫി കുറിച്ചത്. കൂടുതല്‍ കാര്യങ്ങളൊന്നും ഷാഫി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിലാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിന്റെ,
കോൺഗ്രസ്സിന്റെ,
യു ഡി എഫിന്റെ
മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ.
കേരളത്തിന്റെ മുഖ്യമന്ത്രിയായി നീണ്ട ചര്‍ച്ചകള്‍ക്കും ജനരോഷ പ്രകടനങ്ങള്‍ക്കും ഒടുവില്‍ വി ഡി സതീശനെ പ്രഖ്യാപിച്ച് എഐസിസി. സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.
കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള എംഎല്‍എമാരെ വെച്ചുള്ള വിലപേശല്‍ കേരളത്തിലെ ജനവികാരം കണ്ട ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും പ്രഖ്യാപനത്തിന് മുമ്പ് ദീര്‍ഘമായി സംസാരിച്ചിരുന്നു.
പ്രതിപക്ഷ നേതാവായി 5 വര്‍ഷം യുഡിഎഫിനെ നയിച്ച വി ഡി സതീശനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സ്വാഭാവിക സ്ഥാനാര്‍ത്ഥിയെങ്കിലും മുഖ്യമന്ത്രി മോഹം വെച്ചു കോണ്‍ഗ്രസിന്റെ സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ നീക്കങ്ങളാണ് തീരുമാനം 11ാം ദിവസം വരെ വൈകിപ്പിച്ചത്. മുസ്ലീം ലീഗ് അടക്കം യുഡിഎഫ് ഘടകകക്ഷികള്‍ ശക്തമായി പ്രതിപക്ഷ നേതാവിന് വേണ്ടി വാദിച്ചപ്പോള്‍ ഹൈക്കമാന്‍ഡിന് ജനവികാരം കണ്ടില്ലെന്ന് നടിക്കാനായില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം അണികള്‍ തെരുവിലിറങ്ങി ഗ്രൂപ്പുകളിച്ച എംഎല്‍എമാരെ വരെ തടഞ്ഞു വിഡിയ്ക്ക് വേണ്ടി നില കൊണ്ടതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. ഒടുവില്‍ ജനവികാരം മാനിച്ച് ഹൈക്കമാന്‍ഡ് വിഡിയിലേക്ക് എത്തുകയായിരുന്നു.