മാതാ അമൃതാനന്ദമയിക്ക് ആദരവുമായി സംസ്ഥാന സർക്കാർ. മന്ത്രി സജി ചെറിയാൻ ഉപഹാരം കൈമാറി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തിൽ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയിലാണ് സർക്കാരിന്റെ ആദരം.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടന്ന ചടങ്ങിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിൻ്റെ പ്രശസ്‌തി വാനോളം ഉയർത്തിയെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരള സർക്കാരിന്റെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു.
അതേസമയം അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് മന്ത്രിക്കെതിരെ ഉയരുന്നത്. സർക്കാരിന്റെ ആദരവും മന്ത്രിയുടെ ആശ്ലേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനമായ ഇന്ന് അമൃതപുരിയിലെ ആഘോഷത്തിൽ ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ധ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്ക്‌കാരിക രംഗത്തെ പ്രമുഖർ ആശംസ അർപ്പിക്കാനെത്തി.