ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തും; മന്ത്രി ആർ. ബിന്ദു

ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുമെന്നും ഒന്നിനെയും കുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആർ ബിന്ദു. ജൻഡർ ന്യൂട്രൽ യൂണിഫോം, ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലിംഗനീതിയുടെയും തുല്യപദവിയുടെയും ആശയങ്ങൾ ശക്തിപ്പെടുന്ന കാലത്ത് മാറ്റത്തിന്റെ മാതൃകാപരമായ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന് മന്ത്രി പറഞ്ഞു.

സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് നാം. അതിന്, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്ദമായ അന്തരീക്ഷത്തിലാണ് കുട്ടികൾ പഠിച്ചു വളരേണ്ടത്. ഏറ്റവും സൗകര്യപ്രദമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യം.
ഒരുപാട് അലിഖിത നിയമങ്ങളും അരുതുകളും നേരിട്ടാണ് നമ്മുടെ പെൺകുട്ടികൾക്ക് വളരേണ്ടി വരുന്നത്. അവയിൽ, വസ്ത്രധാരണത്തിലെ ഏറ്റവും വലിയ വിവേചനം നാം ശ്രദ്ധിക്കാതെ പോവുകയാണ്. ആൺകുട്ടികൾക്കും പുരുഷന്മാർക്കും സൗകര്യപ്രദമായ വസ്ത്രം തിരഞ്ഞെടുക്കാൻ സാധിക്കുമ്പോൾ, പെൺകുട്ടികൾക്കും സ്ത്രീകൾക്കും അങ്ങനെയല്ല. മറ്റുള്ളവരുടെ കാഴ്ചയ്ക്കിണങ്ങുന്ന, അവരുടെ കാഴ്ചയുടെ സൗന്ദര്യസങ്കല്പത്തിൽ അധിഷ്ഠിതമായ വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുന്ന സ്ഥിതിയുണ്ട് പെൺകുട്ടികൾക്കും സ്ത്രീകൾക്കും.

സ്ത്രീകൾ സ്വന്തം ശരീരത്തെ കുറിച്ചുള്ള വേവലാതികൾ സദാ ഉള്ളിൽ വഹിച്ച്, സ്വയമേ പ്രദർശനവസ്തുക്കളായി നിൽക്കേണ്ടി വരുന്നതിനെപ്പറ്റി ഇനി നാം പൊതുവിൽ ആലോചിച്ചു തുടങ്ങേണ്ടതുണ്ട്. ശരീരത്തെപ്പറ്റി അധമബോധമില്ലാതെ ഇടപെടാൻ കഴിയുന്ന സാഹചര്യം പെൺകുട്ടികൾക്ക് എല്ലായിടത്തും ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. അവരുടെ കഴിവുകളും സർഗ്ഗാത്മകതകളും വികസിപ്പിക്കാനവർക്ക് കഴിയണം. ആൺ/പെൺ വിഭജനത്തിനപ്പുറം നാമെല്ലാം മനുഷ്യരാണെന്ന ആത്മവിശ്വാസം അവരിൽ ഉറയ്ക്കണം. അങ്ങനെയുള്ള അന്തരീക്ഷത്തിലാണ് അധ്യയനപ്രക്രിയ നടക്കേണ്ടത്. അതിലേക്കുള്ള ചുവടുവെയ്പ്പാണ് ബാലുശ്ശേരിയിലേത്. യാഥാസ്ഥിതികത്വം എന്നും ഇത്തരം മാറ്റങ്ങളോട് എതിരു നിൽക്കും. അതിൽ ഭയപ്പെടേണ്ടതില്ല. നിലവിലെ ഒരു വേഷവിധാനവും അങ്ങനെ നൈസർഗികമായി ഉണ്ടായതല്ല. പലതും അടിച്ചേൽപ്പിച്ചതാണ്.

നമ്മുടെ വസ്ത്രധാരണ രീതികൾ കാലങ്ങൾ കൊണ്ട് എത്രയധികം മാറിയിരിക്കുന്നു! ഒരുകാലത്ത് ആൺകുട്ടികളുടെ പൊതുവസ്ത്രമായിരുന്ന മുണ്ട് വിദ്യാലയങ്ങളിലും കലാലയങ്ങളിലും എത്രപേർ ഉപയോഗിക്കുന്നുണ്ട്? എൻജിനീയറിംഗ് മേഖല പോലെ എത്രയോ പഠനയിടങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിക്കഴിഞ്ഞു. എന്നിട്ടും എത്രയോ ഇടങ്ങളിൽ നമ്മുടെ കാലാവസ്ഥയ്‌ക്കോ കുട്ടികളുടെ ആരോഗ്യത്തിനോ ഇണങ്ങാത്ത ബ്ലെയ്‌സറുകളും ഓവർകോട്ടുകളും അടിച്ചേൽപ്പിക്കപ്പെടുന്നു! അതിൽ പ്രതിഷേധമില്ലാത്തവർ നമ്മുടെ കുട്ടികൾക്ക് സൗകര്യപ്രദമായ ഒരു വസ്ത്രം കൊണ്ടുവരുമ്പോൾ എതിർക്കുന്നതിൽ അസ്വാഭാവികതയുണ്ട്. പുതിയ മാറ്റങ്ങളെ എതിർക്കാൻ ആളുകളുണ്ടാവുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാൽ അവർ കേരളത്തിന്റെ, നമ്മുടെ ഭാവിതലമുറയുടെ, താത്പര്യങ്ങൾ സംരക്ഷിക്കുന്നവരല്ല.

കുട്ടികളോട് സ്നേഹമുള്ളവർ ഈ മാറ്റങ്ങളെ എതിർക്കില്ല. മറിച്ച്, നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന, കുട്ടികൾക്ക് ചലനസ്വാതന്ത്ര്യം നൽകുന്ന, മാനസികമായി അവരെ സ്വതന്ത്രരാക്കുന്ന, വസ്ത്രം സ്വീകരിക്കാനവരെ സഹായിക്കുകയാണ് ചെയ്യുക. അങ്ങനെ പഠനപ്രക്രിയയിൽ തടസ്സങ്ങളില്ലാതെ മുഴുകാൻ കുട്ടികൾക്ക് കഴിയുന്നതു കണ്ട് സന്തോഷിക്കുകയാണ് ചെയ്യുക. സ്‌കൂളുകൾതന്നെയാണ് ശരീരത്തെക്കുറിച്ചുള്ള അപകർഷതകളിൽനിന്നും, ഞാനും അവനും വേറെയാണെന്ന ധാരണകളിൽ നിന്നും പുറത്തു കടക്കാൻ ആദ്യം അന്തരീക്ഷമുണ്ടാക്കേണ്ടത്. അതാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ചെയ്തിരിക്കുന്നത്. ഇങ്ങനെയൊരു മുൻകൈ എടുത്തതിന് സ്‌കൂളിനും രക്ഷിതാക്കൾക്കും, ഏറ്റവും സന്തോഷത്തോടെ ഇതേറ്റെടുത്ത വിദ്യാർത്ഥിനികൾക്കും, നമുക്കൊരുമിച്ച് അഭിവാദനമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

Latest Stories

34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും