പ്രളയസമാനം കേരളം; മരണം ഉയരുന്നു, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലേക്കും മഴ കനക്കുന്നു, രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരും

സംസ്ഥാനത്ത് മഴ കനക്കുകയാണ്. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ശനിയാഴ്ച രാത്രി പത്ത് മണിവരെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണിമലയാറിലടക്കം ശക്തമായി വെള്ളം ഉയരുകയാണ്. മലബാര്‍ മേഖലയിലും മഴ ശക്തമായി തുടരുകയാണ്.

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലും മഴ കനത്തു. രാത്രിയോടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ അതീവശ്രദ്ധ വേണം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയാണ്. കാസര്‍കോട് വെള്ളരിക്കുണ്ടില്‍ അതിശക്തമായ മഴയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുപുഴചീറ്റാരിക്കല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കോഴിക്കോടിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ ശക്തമായ മഴ പെയ്തു തുടങ്ങിയത്. കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി തുടങ്ങി സ്ഥലങ്ങളിലാണ് മഴ. ഇതില്‍ കോടഞ്ചേരിയിലാണ് ശക്തമായ മഴ.

നെല്ലിപ്പൊയില്‍ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി ടൗണില്‍ വെളളംകയറി. ഇവിടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആര്‍ക്കും പരുക്കില്ല. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ക്കിടയില്‍ മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗതം തടസ്സം നീക്കി. മുക്കം, കല്‍പ്പറ്റ സ്റ്റേഷനുകളിലെ അഗ്‌നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തില്‍ രണ്ടു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇവ ആരൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ വെള്ളത്തില്‍ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്. മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. കൂട്ടിക്കല്‍ പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. കൊക്കയാറില്‍ ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍, ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര തുടങ്ങിയവരെയാണ് കാണാതായതായി സ്ഥിരീകരിച്ചിട്ടുള്ളത്.

മഴക്കെടുതിയില്‍ എട്ടുപേരുടെ മരണമാണ് ശനിയാഴ്ച രാത്രി എട്ടു മണിക്കകം റിപ്പോര്‍ട്ട് ചെയ്തത്. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുകിപ്പോയി രണ്ടുപേരും, കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ആറുപേരുമാണ് മരിച്ചതായി സ്ഥിരീകരണം. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴുപേരെയാണ് കാണാതായത്. മന്ത്രിമാരായ വിഎന്‍ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും നേതൃത്വം നല്‍കും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിന്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയാര്‍ ഇളംകാട് ടോപ്പില്‍ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേര്‍ ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.

എയര്‍ഫോഴ്സ് എത്താന്‍ വൈകുന്നതിനാല്‍ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം, മെഡിക്കല്‍ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തൃശൂര്‍ താലൂക്കിലെ പുത്തൂര്‍, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി