ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലുണ്ടായ ഗുരുതര ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലും ശ്രീകോവിലില്‍ അഗ്‌നിബാധയ്ക്കും കാരണം മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അഗ്‌നിബാധ സംബന്ധിച്ച വിവരങള്‍ ദേവസ്വംബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകള്‍ നടത്താതെ ആചാരലംഘനം നടന്നുവെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷ മാല കാണാതായതിനെക്കുറിച്ചായിരുന്നു ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം. മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷ്, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്രമക്കേടുകള്‍ എണ്ണി പറയുന്നതാണ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട്. രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് കേശവന്‍ സത്യേഷാണെന്ന് കണ്ടെത്തിയ വിജിലന്‍സ് ഇയാള്‍ക്കെതിരെ ക്രിമിനല്‍ സിവില്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നു.
മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്‌നിബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്താക്കുന്നത്. തീപ്പിടുത്തത്തില്‍ മൂലബിംബത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായി വെളളി പീഠം ഉരുകി. നെയ്യ്, എണ്ണ, കര്‍പ്പൂരം എന്നിവ ശ്രീകോവിലിനുള്ളില്‍ കുട്ടകളില്‍ കൂട്ടിവെച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ എന്നിവരാണ് ഇതിന് ഗൂഡാലോചന നടത്തിയത്. അഗ്‌നിബാധയുണ്ടായാല്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഗ്‌നിബാധയില്‍ കേടുപറ്റിയ സ്വര്‍ണ പ്രഭയിലെ 3 സ്വര്‍ണ നാഗപത്തികള്‍ ദേവസ്വംബോര്‍ഡിനെ അറിയിക്കാതെ വിളക്കിച്ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. അടിയന്തിരമായി അഷ്ടമംഗല ദേവപ്രശ്‌നം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ.